കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ഈ സീസണില്‍ കളിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ഐക്കണായാണ് സഞ്ജു ഇത്തവണ എത്തുന്നത്.
ഇപ്പോള്‍ കെ.സി.എല്ലിന്റെ മൂന്നാം സീസണിന്റെ ഭാഗമാവാന്‍ സാധിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു. ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ എപ്പോഴും സന്തോഷകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നാണ് സഞ്ജു പറഞ്ഞത്.
തന്റെ കൂട്ടുകാരും ചേട്ടനും എല്ലാവരും കളിക്കുന്ന കെ.സി.എല്ലില്‍ കളിക്കാതിരിക്കുന്നത് വിഷമകരമാണെന്നും സഞ്ജു പറഞ്ഞു. മീഡിയ വണ്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മലയാളി താരം.
‘ഉറപ്പായിട്ടും എല്ലാ സീസണിലും കളിക്കണമെന്ന് ആഗ്രഹമുണ്ട്. ഓരോ വര്‍ഷം മിസ് ചെയ്യുമ്പോഴും അയ്യോ ആ വര്‍ഷം മിസായിപ്പോയല്ലോ എന്ന ഒരു ഫീലിങ് ഉണ്ട്. ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ എപ്പോഴും സന്തോഷകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റില്ലല്ലോ. ചിലപ്പോള്‍ ഹാര്‍ഡ് ആയിട്ടുള്ള തീരുമാനം എടുക്കണം. കെ.സി.എല്‍ കളിക്കാതിരിക്കുന്നത് എനിക്ക് വിഷമകരമാണ്. കാരണം എന്റെ കൂട്ടുകാരും ചേട്ടനും എല്ലാവരും കളിക്കുന്ന ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പറ്റാത്തത് എനിക്ക് വിഷമമാണ്. പക്ഷേ ആ ഒരു സമയത്ത് നമുക്ക് ചില ഡിസിഷന്‍സ് എടുക്കേണ്ടിവരും,’ സഞ്ജു സാംസൺ പറഞ്ഞു.




