ലോകകപ്പിലെ അവസാന മത്സരത്തിനൊരുങ്ങി സഞ്ജു!
Cricket
ലോകകപ്പിലെ അവസാന മത്സരത്തിനൊരുങ്ങി സഞ്ജു!
ശ്രീരാഗ് പാറക്കല്‍
Tuesday, 17th February 2026, 3:30 pm

2026 ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇതോടെ സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയായിരുന്നു. ഇനി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. നാളെ (ഫെബ്രുവരി 18) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ കയറിയതിനാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമല്ല.

അതിനാല്‍ ഓപ്പണര്‍ ഇഷാന്‍ കിഷന് ടീം മാനേജ്‌മെന്റ് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി സഞ്ജുവിന് ഓപ്പണറായി ഇറങ്ങാന്‍ സാധിക്കും. ഒരുപക്ഷെ അവസരം ലഭിച്ചാലും സഞ്ജുവിന് ഇത് 2026 ലോകകപ്പിലെ അവസാനത്തെ അവസരമാകും.നമീബിയക്കെതിരെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണ്‍ – Photo: BCCI

സൂപ്പര്‍ എട്ടിന് ശേഷമുള്ള മത്സരത്തില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഏതെങ്കിലും ഇന്ത്യന്‍ താരത്തിന് പരിക്ക് മൂലം പുറത്താകേണ്ടി വന്നാല്‍ മാത്രമെ ഇനി സഞ്ജുവിന് അവസരമുണ്ടാകൂ. നെതര്‍ലാന്‍ഡ്‌സിനെതിരെ ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പമാകും സഞ്ജു കളത്തിലിറങ്ങുക. നിലവില്‍ ഫോം മങ്ങിയ അഭിഷേകിനെ നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരം കളിപ്പിച്ച് ഫോമിലേക്ക് തിരികെയെത്തിക്കാനാകും മാനേജ്‌മെന്റിന്റെ നീക്കം.

സഞ്ജു സാംസണ്‍ – Photo: BCCIഎന്നിരുന്നാലും ആരാധകരുടെ മുഴുവന്‍ കണ്ണുകളും സഞ്ജുവിലായിരിക്കുമെന്ന് പറയാതെ വയ്യ. അവസരം ലഭിച്ചാല്‍ സഞ്ജു തന്റെ എല്ലാ കരുത്തും ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആരോഗ്യപ്രശ്‌നം മൂലം പുറത്തിരുന്ന അഭിഷേകിന് പകരക്കാരനായി സഞ്ജു ഇറങ്ങിയപ്പോള്‍ വെറും എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് അടിച്ചെടുത്തത്.

ലോകകപ്പിന് മുന്നേ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരാജയപ്പെട്ട സഞ്ജു തന്റെ ഫോം വീണ്ടെടുക്കുന്നതിന്റെ വലിയ സിഗ്നല്‍ തന്നെയായിരുന്നു തന്നത്. ഇനി കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ അത് ടൂര്‍ണമെന്റിലെ തന്റെ അവസാനത്തെ അവസരമെന്നോണം തന്നെ സഞ്ജു കൈകാര്യം ചെയ്യുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മാത്രമല്ല നെതര്‍ലാന്‍ഡ്‌സിനെതിരെ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കാനും അര്‍ഷ്ദീപിനെ തിരികെയെത്തിക്കാനും സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് പകരമായി വാഷിങ്ടണ്‍ സുന്ദറും ഇറങ്ങിയേക്കും.

Content Highlight: Sanju Samson may get a chance in India’s final group stage match against the Netherlands In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ