കൈവിട്ടുകളഞ്ഞവന്‍ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ്, കൊണ്ടുവന്നവന്‍ വെറും ആറ് റണ്‍സ്; തുടക്കത്തിലേ അടി തെറ്റി ചെന്നൈ
IPL
കൈവിട്ടുകളഞ്ഞവന്‍ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ്, കൊണ്ടുവന്നവന്‍ വെറും ആറ് റണ്‍സ്; തുടക്കത്തിലേ അടി തെറ്റി ചെന്നൈ
ആദര്‍ശ് എം.കെ.
Monday, 30th March 2026, 9:44 pm

ഐ.പി.എല്‍ 2026ലെ ആദ്യ മത്സരത്തില്‍ അടിതെറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ 127 റണ്‍സിന് ടീം പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ അടി തെറ്റിയിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രേഡിലൂടെ സ്വന്തമാക്കിയ സഞ്ജു സാംസണെ ടീമിന് നഷ്ടമായി. ഏഴ് പന്തില്‍ ആറ് റണ്‍സ് നേടി നില്‍ക്കവെ നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു സഞ്ജുവിന്റെ മടക്കം.

രണ്ടാം ഓവറിലെ അവസാന പന്തില്‍ ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സഞ്ജുവിനെ നഷ്ടപ്പെട്ട ചെന്നൈയ്ക്ക് മൂന്നാം ഓവറിലെ അവസാന പന്തില്‍, 19 റണ്‍സുമായി നില്‍ക്കവെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റും നഷ്ടപ്പെട്ടു. 11 പന്തില്‍ ആറ് റണ്‍സായിരുന്നു ഗെയ്ക്വാദിന്റെ സമ്പാദ്യം.

വണ്‍ ഡൗണായെത്തിയ നമ്പറിലെത്തിയ ആയുഷ് മാഹ്‌ത്രെ ഗോള്‍ഡന്‍ ഡക്കായും നാലാം നമ്പറിലെത്തിയ മാറ്റ് ഷോര്‍ട്ട് രണ്ട് റണ്‍സിനും മടങ്ങിയതോടെ 40 റണ്‍സിനുള്ളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു.

ഇംപാക്ട് പ്ലെയറായെത്തിയ സര്‍ഫറാസ് ഖാന്‍ പതിയെയെങ്കിലും സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 51ാം റണ്‍സില്‍ അഞ്ചാം വിക്കറ്റായി സര്‍ഫറാസും പുറത്തായി.

സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ പകരം നല്‍കിയ രവീന്ദ്ര ജഡേജയുടെ ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു സര്‍ഫറാസ് മടങ്ങിയത്. 12 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

അതേ ഓവറിലെ അവസാന പന്തില്‍ സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷയായ ശിവം ദുബെയെയും ജഡേജ മടക്കി. നാല് പന്തില്‍ റണ്‍സുമായി നില്‍ക്കവെ രവി ബിഷ്‌ണോയിയുടെ കൈകളിലെത്തിച്ചാണ് ജഡ്ഡു ദുബെയെ മടക്കിയത്.

ജഡ്ഡുവടക്കം ബാക്കിയുള്ള രാജസ്ഥാന്‍ ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ സൂപ്പര്‍ കിങ്‌സ് 19.4 ഓവറില്‍ 127ന് പുറത്തായി. 36 പന്തില്‍ 43 റണ്‍സ് നേടിയ ജെയ്മി ഓവര്‍ട്ടണ്‍ ആണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍.

രാജസ്ഥാനായി ജഡേജയ്ക്ക് പുറമെ ജോഫ്രാ ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും തങ്ങളുടെ പേരിലാക്കി.

 

Content Highlight: Sanju Samson failed to bat in Chennai Super Kings – Rajasthan Royals match, Ravindra Jadeja shined

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.