ഞങ്ങള്‍ കപ്പടിച്ചു കഴിഞ്ഞല്ലോ, അതുകൊണ്ട് ഇത്തവണത്തെ സപ്പോര്‍ട്ട്...തുറന്നുപറഞ്ഞ് സഞ്ജു
Cricket
ഞങ്ങള്‍ കപ്പടിച്ചു കഴിഞ്ഞല്ലോ, അതുകൊണ്ട് ഇത്തവണത്തെ സപ്പോര്‍ട്ട്...തുറന്നുപറഞ്ഞ് സഞ്ജു
സുദേവ് എ
Friday, 14th August 2026, 2:11 pm

2026 കേരള ക്രിക്കറ്റ് ലീഗില്‍ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം കിരീടം നേടിയതിനാല്‍ ഇത്തവണ എല്ലാ ടീമുകള്‍ക്കും ഒരുപോലെ സപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനമെന്നാണ് ടൂര്‍ണമെന്റിന്റെ ഐക്കണ്‍ കൂടിയായ സഞ്ജു പറഞ്ഞത്. മീഡിയ വണ്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം നമ്മള്‍(കൊച്ചി ബ്ലൂ ടൈഗേഴ്സ്) കപ്പടിച്ചു കഴിഞ്ഞല്ലോ. കഴിഞ്ഞ വര്‍ഷം അത് കഴിഞ്ഞു പോയി. ഇത് പുതിയ വര്‍ഷമാണ്. അപ്പോള്‍ പുതിയ റോളാണ്. ഐക്കണ്‍ ആയിട്ടാണ് കെ.സി.എല്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അപ്പോള്‍ നല്ല എല്ലാവര്‍ക്കും ഈക്വല്‍ ആയിട്ട് സപ്പോര്‍ട്ട് കൊടുക്കാനാണ് തീരുമാനം. ട്രിവാന്‍ഡ്രത്ത് ഉണ്ടാവണം സമയമാവുമ്പോള്‍ പറ്റുന്ന എല്ലാ മാച്ചും കാണണം,’ സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ കെ.സി.എല്ലിന്റെ ഈ സീസണില്‍ കളിക്കുന്നില്ല. ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ സഞ്ജു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുകയായിരുന്നു. സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ ബാറ്റിങ് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്.

ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ സാന്നിധ്യം ടൂര്‍ണമെന്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയാണ് ഗെയ്ല്‍. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നല്‍കുന്നതിനായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കേരളത്തിലെത്തും. ടി-20യിലെ എക്കാലത്തെയും മികച്ച ഇതിഹാസമായ ഗെയ്‌ലിന്റെ വരവ് കെ.സി.എല്ലിന്റെ ജനശ്രദ്ധ വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയടക്കം ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Sanju Samson answers the question of who he supports in the Kerala Cricket League

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.