മുംബൈ പോലീസിൽ ആന്റണി മോസസ് അങ്ങനെ പെരുമാറാൻ കാരണം മറ്റൊന്നാണ്: സഞ്ജയ്
Malayalam Cinema
മുംബൈ പോലീസിൽ ആന്റണി മോസസ് അങ്ങനെ പെരുമാറാൻ കാരണം മറ്റൊന്നാണ്: സഞ്ജയ്
കെ.എസ് ഷാബിന
Wednesday, 12th August 2026, 6:30 pm

ബോബി സഞ്ജയ് തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് മുംബൈ പോലീസ്. പ്രിത്വിരാജിനൊപ്പം തന്നെ ജയസൂര്യയും, റഹ്മാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്.

ഇപ്പോൾ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ്. അപകടത്തിന് ശേഷം ആന്റണിയുടെ പാർട്ണർ റൂമിലെത്തി തൊടുമ്പോൾ ആശ്ചര്യത്തോടെയും ദേഷ്യത്തോടെയും പ്രതികരിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തെ സിനിമയിൽ കാണാം.

തന്റെ സെക്‌ഷ്വാലിറ്റി തന്നെ ആന്റണി മറക്കുമ്പോൾ അത് എങ്ങനെയാണ് സാധ്യമാകുന്നത് എന്ന് ആശയക്കുഴപ്പത്തിലായ പ്രേക്ഷകർക്ക് അതിന്റെ കാരണവും തുറന്നു പറയുകയാണ് സഞ്ജയ്.

മുംബൈ പോലീസ്.Photo: IMDb

‘മുംബൈ പോലീസിൽ’ അപകടം നടന്നു കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. ആന്റണി മോസസിന് ഉണ്ടായത് പോലെയൊരു അപകടത്തിന് ശേഷം സെക്ഷ്വാലിറ്റി മറന്നുപോകുന്നതിനേക്കാൾ ഒരാളുടെ സെക്‌സ് ഡ്രൈവ് ആണ് ഇല്ലാതാകുന്നത് എന്നും, സെക്‌സ് ഡ്രൈവ് ഇല്ലാത്ത ഒരാൾക്ക് താൻ ഏത് സെക്‌ഷ്വാലിറ്റിയിൽ പെട്ടയാളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല എന്നും സഞ്ജയ് വ്യക്തമാകുന്നു,’

‘അയാളുടെ സെക്‌സ് ഡ്രൈവ് ആണ് ഇല്ലാതായത്. എന്നാൽ ആ അപകടത്തിന്റെ ആഘാതത്തിൽ സെക്‌സ് ഡ്രൈവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടതല്ല. അതിൽ നിന്ന് തിരികെ വരുമ്പോൾ അയാൾക്ക് അതും തിരികെ ലഭിക്കും. ആ സമയത്ത് അയാളുടെ ഓർമ്മ നഷ്ടപ്പെടലും ശാരീരികമായ വ്യതിയാനങ്ങളും കാരണം അയാൾ എല്ലാം മറന്നിരിക്കുമ്പോൾ, അത് അയാളെ തിരികെ ഓർമ്മപ്പെടുത്താൻ വരുന്നതാണ് അയാളുടെ പാർട്ണർ.

മുംബൈ പോലീസ്.Photo: IMDb

സൊസൈറ്റി കണ്ടീഷൻ ചെയ്തുവെച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അതിലെ കഥാപാത്രം വളരെ ബോധവാനാണ്. അയാളുടെ കഴിവുകളോ സോഷ്യൽ സ്കിൽസോ സമൂഹവുമായുള്ള ബന്ധങ്ങളോ ഒന്നും തന്നെ അയാൾ മറന്നുപോയിട്ടില്ല. അതിൽപ്പെട്ട ഒന്നാണ് സമൂഹം ഹോമോസെക്ഷ്വലുകളോട് കാണിക്കുന്ന നിലപാട്.

ആ ഒരു മനോഭാവം നിലനിൽക്കുന്നിടത്തോളം കാലം അയാളുടെ ഉള്ളിലും അത് ചെറിയ രീതിയിലെങ്കിലും ഉണ്ടാകും. ഒരുപക്ഷേ ആ നിമിഷത്തിലായിരിക്കാം അയാൾ അത് തിരിച്ചറിഞ്ഞത്. ആ നിമിഷം വരെ അയാൾക്ക് സെക്സ് ഡ്രൈവ് ഉണ്ടായിരുന്നില്ല. അപരിചിതയായ ഒരു പെൺകുട്ടി വന്നു തൊട്ടിരുന്നെങ്കിലും അയാൾ അപ്രകാരം തന്നെ പ്രതികരിച്ചേനേ,’സഞ്ജയ് വ്യക്തമാക്കുന്നു.

Content Highlight: Sanjay talks about Mumbai Police Movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.