ആധാറും വോട്ടര്‍ ഐ.ഡിയുമൊക്കെ മാറി നിക്ക്, പൗരത്വം തിരിച്ചറിയാന്‍ ഇനി ധുരന്ധര്‍ ഇഷ്ടമാണോ അല്ലയോ എന്ന് നോക്കിയാ മതി; വൈറലായി പോസ്റ്റ്
Indian Cinema
ആധാറും വോട്ടര്‍ ഐ.ഡിയുമൊക്കെ മാറി നിക്ക്, പൗരത്വം തിരിച്ചറിയാന്‍ ഇനി ധുരന്ധര്‍ ഇഷ്ടമാണോ അല്ലയോ എന്ന് നോക്കിയാ മതി; വൈറലായി പോസ്റ്റ്
അമര്‍നാഥ് എം.
Friday, 12th June 2026, 1:10 pm

മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ സിനിമയിലേക്ക് രാഷ്ട്രീയം പടര്‍ന്നുപിടിച്ച സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍. സംവിധായകന്റെയും നടന്റെയും പേരും സിനിമ പറയുന്ന രാഷ്ട്രീയവും നോക്കി അതിനെ ജഡ്ജ് ചെയ്യുന്ന സമയമാണിത്. ഭരിക്കുന്ന പാര്‍ട്ടി അവരുടെ അജണ്ടകള്‍ സിനിമയിലൂടെ ഒളിച്ചും തെളിച്ചും കടത്തുന്ന കാഴ്ചകളും ഇപ്പോള്‍ സ്ഥിരമാണ്.

ഓരോ നടന്മാരെയും അവരുടെ പേര് നോക്കി ജഡ്ജ് ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ആല്‍ഫയുടെ ടീസര്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും പങ്കുവെച്ചിരുന്നു. വലതുപക്ഷ, സംഘപരിവാര്‍ അനുകൂലികളില്‍ ചിലര്‍ ഇതോടെ ഇരുവര്‍ക്കുമെതിരെ രംഗത്തെത്തി.

ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായ ധുരന്ധര്‍ 2ന്റെ ടീസര്‍ ഷെയര്‍ ചെയ്യാതെ ആല്‍ഫയുടെ ടീസര്‍ ഷെയര്‍ ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. സ്‌പൈ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യം രചിച്ച ധുരന്ധറില്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും വെള്ളപൂശുന്ന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

നോട്ട് നിരോധനം പോലെ പരാജയമായ പല കാര്യങ്ങളെയും സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് ധുരന്ധറില്‍ വരച്ചിട്ടത്. സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ധുരന്ധറിനെ തലയില്‍ വെച്ച് ആഘോഷിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ധുരന്ധര്‍ ഇഷ്ടമാകാത്തവര്‍ക്ക് രാജ്യദ്രോഹി/ പാകിസ്ഥാനി ചാപ്പകള്‍ അടിച്ചുനല്‍കുകയാണ് ഇത്തരം അനുകൂലികള്‍.

ധുരന്ധറിനെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാത്ത സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും ദാവൂദ് ഇബ്രാഹിമിന്റെ ചെല്ലക്കുട്ടികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്റ്റോറി കഴിഞ്ഞദിവസം വൈറലായി. ഇതോടെ ഇക്കൂട്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്. സംഘപരിവാര്‍ അനുകൂലികളെ വിമര്‍ശിച്ചുകൊണ്ടാണ് പല പോസ്റ്റുകളും.

‘ആധാറും വോട്ടര്‍ ഐ.ഡിയുമൊക്കെ മാറി നിക്ക്, പൗരത്വം തെളിയിക്കാന്‍ ഇനി ധുരന്ധര്‍ ഇഷ്ടമായോ അല്ലയോ എന്ന് മാത്രം നോക്കിയാല്‍ മതി. ഇഷ്ടമാകാത്തവരൊക്കെ പാകിസ്ഥാന്‍ കാരാ’, ‘ധുരന്ധര്‍ ഇഷ്ടമായില്ലെന്ന് പറയാന്‍ പാടില്ല. രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യും’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍. എന്നാല്‍ ഷാരൂഖിനെയും സല്‍മാനെയും സപ്പോര്‍ട്ട് ചെയ്തും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

 

ഇരുവരെയും പ്രൊമോഷന് സമീപിച്ചതുകൊണ്ടാണ് അവര്‍ സ്റ്റോറി ഷെയര്‍ ചെയ്തതെന്നും അതിന് ആവശ്യമുള്ളത്ര പണം വാങ്ങിയിട്ടുണ്ടെന്നും കമന്റില്‍ പറയുന്നു. ധുരന്ധറിന്റെ അണിയറപ്രവര്‍ത്തകര്‍ അവരെ സമീപിക്കാത്തതുകൊണ്ട് അവര്‍ പ്രൊമോഷന്‍ ചെയ്തില്ലെന്നും ഇത്രയൊക്കെ ആലോചിക്കാനുള്ള ബുദ്ധി സംഘപരിവാര്‍ അനുകൂലികള്‍ക്കില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Salman Khan and Shah Rukh Khan getting cyber attack for not supporting Dhurandhar

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം