എസ്.എ20യില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിന് വന്‍ പരാജയം. കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് സൂപ്പര്‍ കിങ്‌സിന്റെ പരാജയം. ജോബെര്‍ഗ് ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം ഈസ്റ്റേണ്‍ കേപ് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ഏയ്ഡന്‍ മര്‍ക്രം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തല്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും സൂപ്പര്‍ താരം റീസ ഹെന്‍ഡ്രിക്‌സും നിരാശപ്പെടുത്തി. രണ്ടാം ഓവറില്‍ ഇരുവരും സംപൂജ്യരായി മടങ്ങുകയായിരുന്നു.

നാലാം നമ്പറില്‍ ഇറങ്ങിയ വെയ്ന്‍ മാഡ്‌സണ്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. താരത്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കില്‍ വന്‍ നാണക്കേടിലേക്കായിരുന്നു ജോബെര്‍ഗ് കൂപ്പുകുത്തുക.

23 പന്തില്‍ 32 റണ്‍സാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. സൂപ്പര്‍ കിങ്‌സ് നിരയില്‍ 20ന് മേല്‍ സ്‌കോര്‍ ചെയ്ത ഏക താരവും മാഡ്‌സണ്‍ തന്നെ. ഓപ്പണര്‍ ഡി പ്ലൂയ് 18 റണ്‍സ് നേടിയപ്പോള് ഡൗഗ് ബ്രേസ്‌വെല്‍ 12 റണ്‍സും നേടി.

ഒടുവില്‍ 15.2 ഓവറില്‍ സൂപ്പര്‍ കിങ്‌സ് വെറും 78 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എസ്.എ20യുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ടോട്ടലാണിത്.

ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ എം.ഐ കേപ്ടൗണിനെതിരെ നേടിയ ഗംഭീര വിജയത്തിന് ശേഷമാണ് സൂപ്പര്‍ കിങ്‌സ് മോശം സ്‌കോര്‍ സ്വന്തമാക്കുന്നത്. മഴമൂലം എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കേപ്ടൗണ്‍ ഉയര്‍ത്തിയ 98 റണ്‍സിന്റെ ലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ വെറും 34 പന്തില്‍ സൂപ്പര്‍ കിങ്‌സ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു.

ഈസ്റ്റേണ്‍ കേപ്പിനായി പാട്രിക് ക്രൂഗര്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാനിയല്‍ വോറല്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി. മാര്‍കോ യാന്‍സെന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയേഴ്‌സ് സ്വെന്‍പോള്‍ രണ്ട് വിക്കറ്റും നേടി സൂപ്പര്‍ കിങ്‌സ് പതനം പൂര്‍ത്തിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് ഡേവിഡ് മലന്‍, ടോം ഏബല്‍, ജോര്‍ദന്‍ ഹെമന്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ വിജയിച്ചുകയറി. മലന്‍ 32 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഏബല്‍ 20 പന്തില്‍ 26 റണ്‍സും ജോര്‍ദന്‍ 14 പന്തില്‍ 11 റണ്‍സും നേടി.

ഈ വിജയത്തിന് പിന്നാലെ പ്ലേ ഓഫിന് യോഗ്യത നേടാനും ഈസ്‌റ്റേണ്‍ കേപ്പിനായി.

 

 

Content Highlight: SA20: Sun Risers Eastern Cape defeated Joburg Super Kings