വാഷിങ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. കാനഡയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാനഡയില്‍ നിന്നുള്ള കാറുകള്‍, ട്രക്കുകള്‍, വാഹന ഭാഗങ്ങള്‍ എന്നിവയ്ക്ക് നിലവിലെ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2027 ജനുവരി ഒന്നുമുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ടുവെച്ച ചില ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. കാനഡയുടെ വാഹന, സ്റ്റീല്‍, അലുമിനിയം വ്യവസായങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒരു കരാറും അംഗീകരിക്കില്ലെന്നും കാര്‍ണി വ്യക്തമാക്കി. അമേരിക്കയുമായി വീണ്ടും ചര്‍ച്ചയ്ക്ക് കാനഡ തയ്യാറാണെങ്കിലും തുല്യ പങ്കാളികളെന്ന നിലയിലുള്ള സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍-കാനഡ വ്യാപര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ തീരുവകള്‍ക്ക് തിരിച്ചടിയായി യു.എസ് ഉത്പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ചുമത്താന്‍ കാനഡയും ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ എട്ടുമുതല്‍ വിവിധ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനാണ് കാനഡയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധം കൂടുതല്‍ വഷളായാല്‍ വാഹന നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളിലെ വിതരണ ശൃംഖലകളെയും തൊഴിലിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം ഏറെ ആഴത്തിലുള്ളതാണ്. വാഹന നിര്‍മാണം, ഊര്‍ജം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം ആശ്രയിക്കുന്നതിനാല്‍ തീരുവയുദ്ധം നീണ്ടാല്‍ ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: US-Canada trade war intensifies; Trump threatens 50% tariff on Canadian vehicles.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.