ഓഹോഹോ... ഓ നരന്‍, വാഴ 2നും മോഹിനിയാട്ടത്തിനും ശേഷം തിയേറ്റര്‍ ഇളക്കിമറിക്കാന്‍ മറ്റൊരു മോഹന്‍ലാല്‍ റഫറന്‍സ്, അതിരടി രണ്ടും കല്പിച്ച് തന്നെ
Malayalam Cinema
ഓഹോഹോ... ഓ നരന്‍, വാഴ 2നും മോഹിനിയാട്ടത്തിനും ശേഷം തിയേറ്റര്‍ ഇളക്കിമറിക്കാന്‍ മറ്റൊരു മോഹന്‍ലാല്‍ റഫറന്‍സ്, അതിരടി രണ്ടും കല്പിച്ച് തന്നെ
അമര്‍നാഥ് എം.
Friday, 8th May 2026, 3:50 pm

തിയേറ്ററുകളില്‍ വീണ്ടും ആളുകളെ കയറ്റാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് അതിരടി. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലുള്ള അതിരടിയില്‍ ബേസില്‍ ജോസഫും ടൊവിനോ തോമസുമാണ് പ്രധാന താരങ്ങള്‍. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

യുവാക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ എലമെന്റുകളും ചിത്രത്തിലുണ്ടെന്നാണ് കരുതുന്നത്. കോമഡിയും ആക്ഷനും എല്ലാമടങ്ങുന്ന കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ആവേശത്തിലാക്കാന്‍ വേണ്ടി മോഹന്‍ലാല്‍ റഫറന്‍സ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ നരനിലെ ‘ഓമല്‍ കണ്മണി’ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഗംഭീര ഫൈറ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവരുള്ള സീനിലാകും പാട്ട് ഉള്‍പ്പെടുത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാല്‍ റഫറന്‍സ് കൃത്യമായി വര്‍ക്കാകുമെന്നാണ് പലരും കരുതുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ വാഴ 2ലും മോഹിനിയാട്ടത്തിലും മോഹന്‍ലാല്‍ റഫറന്‍സുകളുണ്ടായിരുന്നു. വാഴ 2ല്‍ ഹാഷിറും സംഘവും ലൂസിഫര്‍ കാണാന്‍ പോകുന്ന സീന്‍ ഒരുപാട് കൈയടി നേടിയ ഒന്നായിരുന്നു. വിഷു റിലീസായെത്തിയ മോഹിനിയാട്ടത്തില്‍ സൈജു കുറുപ്പിന്റെ വകയായിരുന്നു മോഹന്‍ലാല്‍ റഫറന്‍സ്.

അഭിറാം രാധകൃഷ്ണനുമായുള്ള സീനില്‍ മോഹന്‍ലാലിനെപ്പോലെ വിരലുകള്‍ വിറപ്പിച്ചുള്ള ഡയലോഗ് പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. ദശരഥത്തില്‍ മോഹന്‍ലാലിന്റെ ഐക്കോണിക് ഇമോഷണല്‍ സീനിനെ അനുകരിച്ച രംഗം കൃത്യമായി വര്‍ക്കൗട്ടായി. ഇപ്പോഴിതാ അതിരടിയിലും കൈയടി ലഭിക്കുന്ന തരത്തില്‍ മറ്റൊരു മോഹന്‍ലാല്‍ റഫറന്‍സ് വരികയാണ്.

തിയേറ്ററുകളില്‍ കൃത്യമായി വര്‍ക്കൗട്ടാകുന്ന തരത്തില്‍ മോഹന്‍ലാല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. സിനിമാപ്രേമികള്‍ക്കിടയിലും അത്തരം റഫറന്‍സുകള്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ചെറിയൊരു പാളിച്ച വന്നാല്‍ പോലും ട്രോള്‍ മെറ്റീരിയലാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അതിരടിയിലെ മോഹന്‍ലാല്‍ റഫറന്‍സ് എങ്ങനെയാകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Naran movie reference will be in Athiradi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം