തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. 100 കോടി രൂപയുടെ അഴിമതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നടന്നിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ഡയറക്ടര്‍ ബോര്‍ഡ് ഉപസമിതി സ്ഥിരീകരിച്ചിരിക്കുന്നത്.
ആഭ്യന്തരന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ 100 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഈ അന്വേഷണം സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നാഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്നാണ് സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതിയെക്കൊണ്ട് ഈ റിപ്പോര്‍ട്ട് പരിശോധിപ്പിച്ചത്.
ജി. ദിനേശ് ലാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നത്. ഈ റിപ്പോര്‍ട്ടിനെ ശരിവെയ്ക്കുന്നതാണ് സതീശന്‍ പാച്ചേനിയുടെ റിപ്പോര്‍ട്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. എന്നാല്‍, ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളിയതായി ചെയര്‍മാന്‍ ജോയ് തോമസ് അറിയിച്ചു.
കൊച്ചിയിലെ ഹെഡ് ഓഫീസിന് കീഴില്‍ പ്രസിഡന്റ് ജോയ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജോയ് തോമസിന്റെ യാത്ര, ഭക്ഷണ തുടങ്ങിയവയ്ക്കായി 30 ലക്ഷത്തിലേറെ രൂപയാണ് ധൂര്‍ത്തടിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ 20 ലക്ഷം രൂപ ചിലവഴിച്ച് ജോയ് തോമസ് നടത്തിയ വിമാന യാത്രകളില്‍ പലതും ദുരൂഹമണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെഡറേഷന് കീഴിലെ നീതി നന്മ വിഭാഗം, വിദേശ മദ്യവിഭാഗം, ഐ ടി വിഭാഗം, തിരുവനന്തപുരം റീജണല്‍ ഓഫീസ്, തൃശൂര്‍, കൊല്ലം, പൂജപ്പുര നീതി വിതരണകേന്ദ്രങ്ങള്‍ എന്നിവയില്‍ നടന്ന അഴിമതിയുടെ കണക്കുകളും ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.ഐ.ടി.യു നേതാവും നീതി വിതരണകേന്ദ്രത്തിന്റെ ചീഫ് മാനേജരുമായിരുന്ന ആര്‍.ജയകുമാറിന്റെ കാലത്ത് നടന്നത് കോടികളുടെ വെട്ടിപ്പാണെന്നും ഉപസമിതി കണ്ടെത്തി.
സതീശന്‍ ഏകപക്ഷീയമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഉപസമിതി യോഗം ചേര്‍ന്നിരുന്നില്ലെന്നും ജോയ് തോമസ് പറഞ്ഞു. മുന്‍ മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ തിരക്കഥ ആവര്‍ത്തിക്കുക മാത്രമാണ് പാച്ചേനി ചെയ്തതെന്നും പാച്ചേനിക്ക് തന്നോട് വിരോധം ഉണ്ടാകാന്‍ കാരണമെന്താണെന്ന് അറിയില്ലന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതുകൊണ്ട് തന്നെ വേണ്ടത്ര തെളിവുകളും രേഖകളും ശേഖരിക്കാന്‍ ഉപസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പാച്ചേനി അറിയിച്ചു. അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
