രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കിടയില്‍ അത്രത്തോളം മതിപ്പുണ്ടാക്കാന്‍ സാധിക്കാതെ പോയ താരമണ് റിയാന്‍ പരാഗ്. ഓള്‍ റൗണ്ടറുടെ റോളിലാണ് ടീമിലെ സ്ഥാനമെങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ആരാധകര്‍ക്ക് താരത്തോടുള്ള മതിപ്പ് കുറഞ്ഞുവന്നത്.

മോശം ഫോമില്‍ തുടരുമ്പോഴും സ്ഥിരമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുകയും, എന്നാല്‍ വീണ്ടും പരാജയമാവുകയും ചെയ്തതോടെ ഈ മതിപ്പില്‍ വീണ്ടും കുറവുണ്ടായി.

ഇതോടൊപ്പം താരത്തിന്റെ കളിക്കളത്തിലെ ആറ്റിറ്റിയൂഡും ചര്‍ച്ചയായിരുന്നു. അതിരുവിട്ട വിക്കറ്റ് സെലിബ്രേഷനുകളും ഫാന്‍സി ആഘോഷങ്ങളും മാത്രമായിരുന്നു പരാഗ് ഗ്രൗണ്ടില്‍ ചെയ്തുകൊണ്ടിരുന്നത്.

 

 

ഐ.പി.എല്ലില്‍ ഇതുവരെ 53 മത്സരം കളിച്ച താരത്തിന്റെ ബാറ്റിങ് ആവറേജ് വെറും 16.11 ആണ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ വെറും 122.88ഉം. ഈ മോശം സ്റ്റാറ്റ്‌സുകള്‍ കണക്കിലെടുത്തിട്ടും 3.80 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ ഈ സീസണില്‍ പരാഗിനെ നിലനിര്‍ത്തിയത്.

ഈ സീസണിലെ ആറ് മത്സരം മാത്രമണ് പരാഗ് കളിച്ചത്. ആറ് മത്സരത്തില്‍ നിന്നുമായി 11.60 എന്ന ശരാശരിയില്‍ 58 റണ്‍സ് മാത്രമാണ് പാരാഗ് നേടിയത്. 107.41 എന്ന പ്രഹരശേഷിയാണ് ഈ സീസണില്‍ പരാഗിനുള്ളത്.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി കഴിവ് തെളിയിച്ച ധ്രുവ് ജുറെല്‍ രാജസ്ഥാന്റെ പ്ലെയിങ് ഇലവനിന്റെ ഭാഗമായതോടെ റിയാന്‍ പരാഗിന്റെ സ്ഥാനം ബെഞ്ചിലായി. ശേഷം ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മത്സരത്തില്‍ ഗംഭീര പരാജയമായതോടെ താരത്തിന് വീണ്ടും ബെഞ്ചില്‍ ഇടമൊരുങ്ങി.

സ്ഥിരമായി ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്ന സാഹചര്യത്തില്‍ പരാഗ് പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ആരാധകനായി ഗ്യാലറിയിലിരിക്കുന്ന തന്റെ പഴയ ചിത്രമാണ് താരം പങ്കുവെച്ചത്.

പരാഗിനോട് ആര്‍.സി.ബിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു ആരാധകന്‍ പങ്കുവെച്ച ട്വീറ്റ് താരം റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുകയാണ്.

റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് വിടുമോ താരം അടുത്ത സീസണില്‍ വിരാട് കോഹ്‌ലിക്കൊപ്പം ബെംഗളൂരുവില്‍ കളിക്കുമോ തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാവുകയാണ്.

വിരാടിനെ ടീമിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരുപറ്റം ആര്‍.സി.ബി ആരാധകരെത്തിയപ്പോള്‍ ഒരിക്കലും ഇങ്ങോട്ട് വരരുതെന്ന് ആവശ്യപ്പെട്ടും ആരാധകരെത്തുന്നുണ്ട്. ഏത് ടീമിലായാലും മികച്ച പ്രകടനം നടത്തണമെന്ന് പറയുന്നവരും കുറവല്ല.

 

 

Content Highlight: Riyan Parag’s new post goes viral