മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പോകളില്‍ ഒന്നാണ് കൈരളിയും വല്യേട്ടനും. മോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വല്യേട്ടന്‍ കൈരളി ചാനലിന്റെ മുഖമുദ്രകളിലൊന്നായിരുന്നു. 2001ലാണ് ആദ്യമായി വല്യേട്ടന്‍ ടെലികാസ്റ്റ് ചെയ്തത്. റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ചാനല്‍ പ്രീമിയര്‍ ചെയ്ത വല്യേട്ടന്‍ അന്നത്തെ കാലത്ത് വലിയ അത്ഭുതമായിരുന്നു.

പിന്നീടങ്ങോട്ട് ഏത് വിശേഷദിവസം വന്നാലും കൈരളി ചാനലിന്റെ ആദ്യ ചോയ്‌സ് വല്യേട്ടനാണ്. ഓണം, വിഷു, ക്രിസ്മസ് എന്നിങ്ങനെ പല വിശേഷദിവസങ്ങളിലും ചിത്രം ടെലികാസ്റ്റ് ചെയ്തതോടെ പ്രേക്ഷകര്‍ വല്യേട്ടനെയും കൈരളിയെയും ഏറ്റെടുത്തു. കൈരളി പിന്നീട് വീ എന്ന ചാനല്‍ ആരംഭിച്ചപ്പോഴും വല്യേട്ടന് വിശ്രമമുണ്ടായില്ല.

ആഴ്ചയില്‍ ഒരുദിവസമെങ്കിലും ഈ സിനിമയുണ്ടായിരിക്കും. ഭേദപ്പെട്ട ടി.ആര്‍.പിയും വല്യേട്ടന്‍ സ്വന്തമാക്കാറുണ്ട്. ഓണം- കൈരളി- വല്യേട്ടന്‍ എന്ന കോമ്പോ പ്രേക്ഷകരില്‍ രജിസ്റ്ററായിക്കഴിഞ്ഞു. ഇപ്പോഴിതാ കൈരളിയും വല്യേട്ടനും തമ്മിലുള്ള ബന്ധം അവസാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനിയങ്ങോട്ട് ചാനലില്‍ വല്യേട്ടന്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാറ്റലൈറ്റ് റൈറ്റ് പുതുക്കുകയാണെങ്കില്‍ ചിത്രം ഇനിയും കൈരളിയില്‍ തന്നെ നിലനില്‍ക്കും. എന്നാല്‍ വല്യേട്ടനെ സ്വന്തമാക്കാന്‍ വേറെയും ചാനലുകള്‍ മത്സരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഴവില്‍ മനോരമ, സൂര്യ പോലുള്ള ചാനലിലേക്കാകും വല്യേട്ടന്‍ ഇനി പോകാന്‍ സാധ്യതയെന്നും പലരും പ്രവചിക്കുന്നുണ്ട്.

 

ഒരു സിനിമ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിച്ച ടി.വി ചാനലെന്ന റെക്കോഡ് വല്യേട്ടനിലൂടെ കൈരളി സ്വന്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 950ലധികം തവണയാണ് ചിത്രം ടെലികാസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍. അടുത്തിടെ വല്യേട്ടന്‍ റീ റിലീസ് ചെയ്തപ്പോഴും കൈരളി ടി.വിയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ ട്രോളിക്കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്. സി.ഡി തേഞ്ഞുപോയതുകൊണ്ടാണ് ഇനി ടെലികാസ്റ്റ് ചെയ്യാത്തതെന്നും കൈരളിക്ക് കെ.ജി.എഫ് എന്ന പുതിയ ഇരയെ കിട്ടിയതോടെ വല്യേട്ടനെ ഒഴിവാക്കിയെന്നുമൊക്കെയാണ് ട്രോളുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

Content Highlight: Reports that Satellite rights of Valliettan movie ended on Kairali TV