പ്രഭാസോ ഷാരൂഖോ അല്ല, ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി കമല്‍ ഹാസന്‍, ഒരുദിവസത്തേക്ക് 15 കോടി !
Indian Cinema
പ്രഭാസോ ഷാരൂഖോ അല്ല, ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി കമല്‍ ഹാസന്‍, ഒരുദിവസത്തേക്ക് 15 കോടി !
അമര്‍നാഥ് എം.
Sunday, 8th March 2026, 8:54 pm

സിനിമാലോകത്ത് പകര്‍ന്നാടാത്ത വേഷങ്ങളം കൈവെക്കാത്ത മേഖലയും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ലാത്ത നടനാണ് കമല്‍ ഹാസന്‍. ആറരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാജീവിതത്തില്‍ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കമല്‍ ഹാസന്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ അത്തരത്തില്‍ കമല്‍ ഹാസന്‍ ഞെട്ടിച്ച ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി.

മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും പത്ത് മിനിറ്റ് മാത്രം സ്‌ക്രീന്‍ ടൈം കൊണ്ട് കമല്‍ ഹാസന്‍ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. സുപ്രീം യാസ്‌കിന്‍ എന്ന വില്ലനായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ കല്‍ക്കിയില്‍ കമല്‍ ഹാസന്റെ പ്രതിഫലത്തെ ചൊല്ലിയുള്ള റിപ്പോര്‍ട്ടാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

150 കോടിയാണ് ചിത്രത്തിനായി കമല്‍ ഹാസന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെറും 10 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഇത്രയും വലിയ പ്രതിഫലം കമല്‍ ഹാസന് ലഭിച്ചത്. ഒരു ദിവസത്തെ ഷൂട്ടിന് 15 കോടിയാണ് താരം വാങ്ങിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ ഇന്ത്യയിലെ ഹൈയസ്റ്റ് പെയ്ഡ് ആക്ടര്‍ എന്ന വിശേഷണം കമല്‍ ഹാസന് ലഭിച്ചെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. കമല്‍ ഹാസന്റെ സുഹൃത്തും നടനുമായ യുഗി സേതു കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘കമല്‍ സാറിപ്പോള്‍ എത്ര ഉയരത്തിലാണെന്നത് നമുക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. കല്‍ക്കി എന്ന സിനിമയില്‍ 20 ദിവസത്തെ കോള്‍ഷീറ്റിന് 150 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് ഞാനറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ശേഷം ‘ഇന്ത്യയിലെ ഹൈയസ്റ്റ് പെയ്ഡ് ആക്ടര്‍ നിങ്ങളാണ്’ എന്ന് പറഞ്ഞു. ആ സിനിമയുടെ പ്രൊഡ്യൂസര്‍ അശ്വിനി ദത്തിനോട് ഇക്കാര്യത്തില്‍ ഞാന്‍ നന്ദി പറഞ്ഞു.

അവര്‍ ആ സമയത്ത് എന്നെ തിരുത്തി. ’20 അല്ല, പത്ത് ദിവസത്തെ ഡേറ്റ് മാത്രമേ കമല്‍ സാര്‍ തന്നിട്ടുള്ളൂ’ എന്ന് പറഞ്ഞു. അപ്പോള്‍ ഒരുദിവസത്തേക്ക് രണ്ട് മില്യണ്‍ ഡോളറെന്ന് ഞാന്‍ കണക്കുകൂട്ടി. കമല്‍ സാറിന്റെ ഓരോ സെക്കന്‍ഡും വളരെ വിലപ്പെട്ടതാണ്. അതിനെക്കുറിച്ച് ഇപ്പോഴുള്ള പലര്‍ക്കും കൃത്യമായ ബോധ്യമുണ്ട്,’ യുഗി സേതു പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം കല്‍ക്കി 2ന്റെ ഷൂട്ട് ഹൈദരബാദില്‍ ആരംഭിച്ചു. ആദ്യഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളായ അമിതാഭ് ബച്ചനും കമല്‍ ഹാസനും ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു. മാര്‍ച്ച് അവസാനവാരം പ്രഭാസും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Reports that Kamal Haasan got 150 crores remuneration for just 10 days shoot in Kalki movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം