മോളിവുഡ് പോലൊരു ചെറിയ ഇന്‍ഡസ്ട്രിക്കും സൂപ്പര്‍ഹീറോ സിനിമകള്‍ പുള്‍ ഓഫ് ചെയ്യാനാകുമെന്ന് തെളിയിച്ച ചിത്രമായിരുന്നു മിന്നല്‍ മുരളി. ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി. കൊവിഡ് സമയത്ത് ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ഇന്നും ഫാന്‍ബേസ് ഏറെയാണ്.

പുതുമുഖം ഫെമിന ജോര്‍ജായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ മിന്നല്‍ മുരളിക്ക് ശേഷം ഫെമിനയുടേതായി വേറെ സിനിമകളൊന്നും വന്നിട്ടില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെമിന നായികയാകുന്ന ഹൈക്കു തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴിലേക്കുള്ള ഫെമിനയുടെ എന്‍ട്രിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആദ്യചിത്രത്തിന് ശേഷം നാല് വര്‍ഷത്തോളം ഗ്യാപ്പെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫെമിന ജോര്‍ജ്. മിന്നല്‍ മുരളിയിലെ ബിജി എന്ന കഥാപാത്രം തനിക്ക് ഒരുപാട് പ്രശംസ സമ്മാനിച്ചിരുന്നെന്നും വലിയ റീച്ച് ലഭിച്ചെന്നും താരം പറഞ്ഞു. എന്നാല്‍ അതിന് ശേഷം മനപൂര്‍വമാണ് ഇത്രയും വലിയ ഗ്യാപ് എടുത്തതെന്നും ഫെമിന പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു താരം.

‘മിന്നല്‍ മുരളി ഒരുപാട് പ്രശംസ സമ്മാനിച്ചിരുന്നു. ആ സമയത്ത് ഞാന്‍ തീരുമാനിച്ച കാര്യമായിരുന്നു വാരിവലിച്ച് സിനിമകള്‍ ചെയ്യില്ല എന്നുള്ളത്. ഒരുപാട് സിനിമ ചെയ്യുന്നതിനെക്കാള്‍ നല്ലത് നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കുറച്ച് സിനിമകള്‍ ചെയ്യുന്നതാണെന്ന് തീരുമാനിച്ചു. അത്തരമൊരു കഥ കിട്ടാനായി കാത്തിരിക്കുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു ഹൈക്കുവിന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടമായി. എന്നെക്കൊണ്ട് ഈ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമെന്ന് തീരുമാനിച്ചു. തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരാന്‍ ഇതാണ് നല്ല സമയമെന്ന് മനസിലായി. അങ്ങനെയാണ് ഹൈക്കുവിന്റെ ഭാഗമായത്. നിവേദ എന്ന കഥാപാത്രം സ്വീകരിക്കപ്പെടുമെന്ന് ഉറപ്പാണ്,’ ഫെമിന പറഞ്ഞു.

അല്ലു അര്‍ജുനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന റാക്കയിലും ഫെമിന പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് താരം ഒന്നും വ്യക്തമാക്കിയിട്ടില്ല. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഡിസ്‌കോയിലും ഫെമിന ഭാഗമാണ്.

Content Highlight: Femina George about her career after Minnal Murali