നെയ്മറെ നേരിട്ടവനെ റാഞ്ചാൻ മലപ്പുറം എഫ്.സി; ഞെട്ടിക്കാൻ KL10!
Football
നെയ്മറെ നേരിട്ടവനെ റാഞ്ചാൻ മലപ്പുറം എഫ്.സി; ഞെട്ടിക്കാൻ KL10!
സുദേവ് എ
Monday, 24th August 2026, 8:07 pm

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി വമ്പന്‍ നീക്കം നടത്താനൊരുങ്ങി മലപ്പുറം എഫ്.സി. സൗത്ത് ആഫ്രിക്കന്‍ താരം ബൊംഗാനി സുംഗുവെയെ ടീമിലെത്തിക്കാന്‍ മലപ്പുറം എഫ്.സി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗുകളില്‍ കളിച്ച പരിചയസമ്പന്നനായ താരമാണ് സുംഗുവെ.

യുവേഫ യൂറോപ്പ് ലീഗ്, ലീഗ് വണ്‍, സ്‌കോട്ടിഷ് പ്രിമീയര്‍ഷിപ്, സൗത്ത് ആഫ്രിക്ക പ്രീമിയര്‍ സോക്കര്‍ ലീഗ് തുടങ്ങിയ വ്യത്യസ്ത ലീഗുകളില്‍ കളിച്ച പരിചയ സമ്പത്തുള്ള താരമാണ് സുംഗുവെ. ബ്രസീലിയന്‍ ഇതിഹാസം നെയ്മര്‍ക്കെതിരെ പന്തുതട്ടിയ താരം കൂടിയാണ് ബൊംഗാനി സുംഗുവെ.

സൗത്ത് ആഫ്രിക്കന്‍ ദേശീയ ടീമിന് വേണ്ടി 30 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സുംഗുവെ അഞ്ച് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. താരം മലപ്പുറത്തിന്റെ മണ്ണില്‍ പന്തുതട്ടാനെത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഈ സീസണില്‍ മൊറോക്കന്‍ പരിശീലകന്‍ കരിം ബെഞ്ചെറിഫയേയുടെ കീഴിലാണ് മലപ്പുറം പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച അനുഭവ സമ്പത്തുള്ള പരിശീലകരില്‍ ഒരാളാണ് ബെഞ്ചെറിഫ. ഇന്ത്യയിലെ പല ക്ലബ്ബുകളുടെയും പരിശീലകനായി ബെഞ്ചെറിഫ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.

മോഹന്‍ ബഗാന്‍, പൂനെ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍ എഫ്.സി എന്നീ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച ബെഞ്ചെറിഫ മലപ്പുറത്തിന്റെ മുഖ്യ പരിശീലകനായെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് മലപ്പുറം എഫ്.സി ഇത്തവണ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ മലപ്പുറത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സീസണില്‍ മലപ്പുറം സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ സെമിയില്‍ തൃശൂര്‍ മാജിക് എഫ്.സിയോട് പരാജയപ്പെട്ടാണ് മലപ്പുറം തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് വിലകൊടുത്തും കിരീടം മഞ്ചേരി പയ്യനാട്ടിലെത്തിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാവും മലപ്പുറത്തിന്റെ മുന്നിലുണ്ടാവുക.

സെപ്റ്റംബര്‍ 25നാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഡിസംബര്‍ 15നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.

 

Content Highlight: Reports suggest that Malappuram FC is attempting to sign South African player Bongani Zungu

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.