ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ 172 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. കങ്കാരുക്കള്‍ ഉയര്‍ത്തിയ 369 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 196ന് പുറത്തായി.

സ്‌കോര്‍

ഓസ്‌ട്രേലിയ – 383 & 164

ന്യൂസിലാന്‍ഡ് : (T: 369) – 179 & 196

രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഒരു വമ്പന്‍ മാറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരക്ക് മുമ്പ് വിരമിച്ച നീല്‍ വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡര്‍സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് വാഗ്നര്‍ വിരമിക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം കളി മതിയാക്കുകയാണെന്ന് അറിയിച്ചത്.

എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കിവീസ് ടീം അദ്ദേഹത്തെ ഒപ്പം കൂട്ടുകയും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറക്കുയും ചെയ്തിരുന്നു.

രണ്ടാം ടെസ്റ്റില്‍ താരം തിരിച്ചുവന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളില്‍ ആരാധകരും ആവേശത്തിലാണ്.