കൊട്ടിഘോഷിച്ചതെല്ലാം വെറുതെയായോ?; ജയിലര്‍ 2വില്‍ ഷാരൂഖില്ലെന്ന് റിപ്പോര്‍ട്ടുകള്‍
Indian Cinema
കൊട്ടിഘോഷിച്ചതെല്ലാം വെറുതെയായോ?; ജയിലര്‍ 2വില്‍ ഷാരൂഖില്ലെന്ന് റിപ്പോര്‍ട്ടുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 7th April 2026, 10:50 pm

സൗത്ത് ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ജയിലര്‍ 2. തമിഴകത്തിന്റെ തലൈവര്‍ രജിനികാന്തിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലും കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും കാമിയോ റോളില്‍ എത്തിയ ജയിലര്‍ വലിയ വിജയമായതോടെ പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ്.

ജയിലര്‍. Photo: The Hindu

ജയിലര്‍ 2വിനുള്ള ഹൈപ്പ് ഇരട്ടിയാക്കുന്നതായിരുന്നു ചിത്രത്തില്‍ ബോളിവുഡിലെ കിങ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത. രജിനി-ഷാരൂഖ് കോംബോയ്‌ക്കൊപ്പം ലാലേട്ടന്‍ ഷാരൂഖ് കോമ്പിനേഷനും സാക്ഷ്യം വഹിക്കാം എന്ന പ്രതീക്ഷയില്‍ മലയാളികളും റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആവേശത്തിലായിരുന്നു. എന്നാല്‍ ഏവരെയും നിരാശപ്പെടുത്തി കൊണ്ട് ജയിലര്‍ 2വിലഭിനയിക്കാന്‍ ഷാരൂഖ് എത്തില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വിശ്വസിനീയമായ വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്നത്.

ഷാരൂഖിന്റെ വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കിങ്ങില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ജയിലര്‍ 2വില്‍ നിന്നും താരം പിന്മാറുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തില്‍ അഭിനയിക്കാന്‍ താരം അഞ്ച് ദിവസത്തെ ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്ന് നേരത്തേ പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

നോര്‍ത്ത് ഇന്ത്യയിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ഷാരൂഖിനെ കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കില്‍ ബോക്‌സ് ഓഫീസില്‍ വലിയ മുന്‍തൂക്കം ജയിലര്‍ 2വിന് ലഭിക്കുമായിരുന്നു. മോഹന്‍ലാലിലൂടെ കോളിവുഡിലും ശിവരാജ് കുമാറിലൂടെ സാന്‍ഡല്‍വുഡിലും കോളിളക്കം സൃഷ്ടിക്കാന്‍ ജയിലറിന് സാധിച്ചിരുന്നു. അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ ഷാരൂഖ് ചിത്രത്തിലുണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

കിങ്. Photo: The Hindu

പത്താന്‍, ജവാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമാണ് കിങ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlight: Reports of Sharuk Khan not in for Jailer 2 as cameo

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.