nisam-01തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി വിവാദ വ്യവസായി നിസാമിന് പോലീസ് വഴിവിട്ട സഹായം ചെയ്തതായി റിപ്പോര്‍ട്ട്. നിസാമിന് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കികൊടുത്തെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ നിസാം തൃശൂരിലെ ഒരു ഹോട്ടലില്‍ വെച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പോലീസാണ് ഇതിന് സൗകര്യമൊരുക്കികൊടുത്തതെന്നും ഹോട്ടലിലെ സി.സി.ടി.വി ഓഫ് ചെയ്തതിന് ശേഷമായിരുന്നു കൂടിക്കാഴ്ച എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോലീസ് നിര്‍ദേശ പ്രകാരമാണ് ഹോട്ടലിലെ സി.സി.ടി.വി ഓഫ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം വിവാദമാതോടെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമംഗലം സി.ഐയ്ക്കാണ് അന്വേഷണ ചുമതല.

അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുത്തു. നിസാം എത്തുന്നതിന് മുമ്പ് ഹോട്ടലിലെ സി.സി.ടി.വികള്‍ ഓഫ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം. നേരത്ത ബംഗളൂരുവില്‍ ഇയാളെ അന്വേഷണത്തിനായി കൊണ്ടുപോയപ്പോള്‍ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. മാത്രമല്ല മുമ്പ് കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നപ്പോള്‍ കൈവിലങ് മറയ്ക്കുന്നതിനായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചതും ചര്‍ച്ചയായിരുന്നു.