ഗുജറാത്തില്‍ ഗോഡ്സെയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി തീവ്ര ഹിന്ദുത്വ സംഘടനായ ഹിന്ദു സേന
national news
ഗുജറാത്തില്‍ ഗോഡ്സെയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി തീവ്ര ഹിന്ദുത്വ സംഘടനായ ഹിന്ദു സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 8:08 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയായുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങിയതായി തീവ്ര ഹിന്ദുത്വ സംഘടനായ ഹിന്ദു സേന.

ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ജാംനഗര്‍ എന്ന നഗരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കാനാണ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ നഗരത്തിലെ ഒരു റോഡില്‍ ഗോഡ്സെയുടെ ഒരു വലിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതും ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതായും കാണാം.

എങ്ങനെയാണ് രാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഒരാളുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നതെന്ന് വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നു.

തീവ്ര ഹിന്ദുത്വ നേതാവും മഹാത്മാ ഗാന്ധിയുടെ കൊലയാളിയുമാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭ പ്രവര്‍ത്തകനായിരുന്ന ഗോഡ്സെ. 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയത്.

ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണക്കുശേഷം 1949 നവംബര്‍ എട്ടിന് ഗോഡ്‌സെയ്ക്ക് വധശിക്ഷ വിധിക്കുകയും 1949 നവംബര്‍ 15ന് അംബാല ജയിലില്‍ ഗോഡ്‌സേയെ തൂക്കിലേറ്റുകയുമായിരുന്നു.

Content Highlight: Report says Hindu Sena was plan to erect statues of Godse in Gujarat