സിംഗപ്പൂർ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടം; ഒരു യാത്രക്കാരന്‍ മരണപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്
World News
സിംഗപ്പൂർ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടം; ഒരു യാത്രക്കാരന്‍ മരണപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 7:13 pm

ബാങ്കോങ്: ലണ്ടനില്‍ നിന്നുള്ള സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരണപെട്ടു. 30 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോങ്കില്‍ ഇറക്കി.

പരിക്കേറ്റവരെ ബാങ്കോങ്കിലേ വിവിധ ആശുപത്രികളിലേക്കായി മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടിഷ് പൗരനായ 70 വയസുകാരനാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേര് അടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആകാശച്ചുഴില്‍ പെട്ടതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് ബ്രിട്ടീഷ് യാതക്കാരന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തില്‍ ഉണ്ടായിരുന്നത് 211 യാത്രക്കാരും 18 ജീവനക്കാരുമാണെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

വിമാനം പതിച്ചത് 37,000 അടിയില്‍ നിന്ന് 31,000 അടിയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.30ക്ക് ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് സിങ്കപ്പൂരിലേക്ക് യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്.

അന്തരീക്ഷത്തിലെ മര്‍ദത്തില്‍ ഉണ്ടാവുന്ന വ്യതിയാനത്തെ തുടര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ് ആകാശച്ചുഴി. ഇപ്പോഴുണ്ടായ അപകടത്തില്‍ 6000 അടി താഴ്ച്ചയിലേക്കാണ് വിമാനം വീണത്.

‘വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുക എന്നതാണ് മുന്‍ഗണന. ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് ഞങ്ങള്‍ തായ്ലന്‍ഡിലെ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കൂടാതെ ആവശ്യമായ സഹായം നല്‍കുന്നതിന് ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയക്കാനുള്ള നടപടികളും ഞങ്ങൾ തുടങ്ങി,’ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടത്തില്‍ പ്രതികരിച്ചു.

അതേസമയം ഏവിയേഷന്‍ സേഫ്റ്റി നെറ്റ്‌വർക്കിൻ്റെ കണക്കുകള്‍ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇതുവരെ ഏഴ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Content Highlight: Singapore Airlines plane into accident