വരുക, ഫോട്ടോ കാണിക്കുക പോവുക... ഒരുപാട് തവണയായപ്പോള്‍ മടുപ്പിച്ച് ദൃശ്യം 3യിലെ ബ്രോക്കര്‍ മത്തായി
Malayalam Cinema
വരുക, ഫോട്ടോ കാണിക്കുക പോവുക... ഒരുപാട് തവണയായപ്പോള്‍ മടുപ്പിച്ച് ദൃശ്യം 3യിലെ ബ്രോക്കര്‍ മത്തായി
അമര്‍നാഥ് എം.
Saturday, 23rd May 2026, 4:35 pm

അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ് ദൃശ്യം 3. മോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം രണ്ടരദിവസം കൊണ്ട് 100 കോടി നേടിയെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാംവരവ് ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്.

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ദൃശ്യം 3 ഒരുപാട് വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫിന് നേരെയാണ് പ്രധാന വിമര്‍ശനം. രണ്ടേമുക്കാല്‍ മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമയുടെ തിരക്കഥയില്‍ ഒരുപാട് ലൂപ്‌ഹോളുകളുണ്ടെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും പിന്നോട്ടുവലിച്ചെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

പല സീനുകളുടെയും ആവര്‍ത്തനങ്ങളും പ്രേക്ഷകരെ ചെറുതായി മടുപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് ബ്രോക്കര്‍ മത്തായി എന്ന കഥാപാത്രം. മറിമായം എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ റിയാസ് നര്‍മകലയാണ് ബ്രോക്കര്‍ മത്തായിയായി വേഷമിടുന്നത്. ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു റിയാസിന്റേത്.

എന്നാല്‍ എല്ലാം ഒരേ തരത്തിലുള്ള സീനുകളായിരുന്നു സിനിമയിലുടനീളം അദ്ദേഹത്തിന് ലഭിച്ചത്. ജോര്‍ജുകുട്ടിയുടെ മകള്‍ക്ക് കല്യാണാലോചനയുമായി വരുന്ന ബ്രോക്കറാണ് മത്തായി. സ്‌ക്രീനിലെത്തുന്ന എല്ലാ സീനിലും ‘ഒരു കേസുണ്ട്, നല്ല കുടുംബമാണ്’, ‘ആ വീട്ടുകാരെ ആരോ ഫോണ്‍ ചെയ്ത് കല്യാണം മുടക്കി’ ഈ രണ്ട് ഡയലോഗ് മാത്രമേ മത്തായിക്കുള്ളൂ.

ഒന്നോ രണ്ടോ സീന്‍ ഇത്തരത്തില്‍ എടുക്കുകയും ബാക്കി സീനുകള്‍ മറ്റേതെങ്കിലും രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നെന്ന് തോന്നി. എന്നാല്‍ ഒരേ ഡയലോഗും ഒരേ ഭാവവുമായപ്പോള്‍ വല്ലാതെ ആവര്‍ത്തനവിരസത തോന്നി. റിയാസ് എന്ന ആര്‍ട്ടിസ്റ്റ് കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ടെങ്കിലും സംവിധായകന് ആ കഥാപാത്രത്തെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചില്ല. കുറച്ചൊക്കെ കട്ട് ചെയ്തിരുന്നെങ്കില്‍ ദൈര്‍ഘ്യം കുറക്കാമായിരുന്നു എന്നേ സംവിധായകനോട് പറയാനുള്ളൂ.

ദൃശ്യം എന്ന ബ്രാന്‍ഡിനുള്ള സ്വീകാര്യതയും മോഹന്‍ലാല്‍ എന്ന നടന്റെ ഒറ്റയാള്‍ പ്രകടനവുമാണ് ദൃശ്യം 3യെ താങ്ങിനിര്‍ത്തുന്നത്. ദൃശ്യത്തിന് ഒരു നാലാം ഭാഗം പുറത്തിറക്കുന്നുണ്ടെങ്കില്‍ ഇത്തരം കുറവുകള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കാന്‍ ജീത്തു ജോസഫ് ജോര്‍ജ് കുട്ടിയൊന്നുമല്ലല്ലോ.

Content Highlight: Repetitive scenes in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം