ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൂടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലും തിരിച്ചെത്തിയിരിക്കുകയാണ്.

പരിക്ക് കാരണം ആദ്യ ടെസ്റ്റ് മുതല്‍ കെ.എല്‍. രാഹുലിനേയും രവീന്ദ്ര ജഡേജയെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. അവര്‍ രാജ്കോട്ട് ടെസ്റ്റ് ഒഴിവാക്കിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മൂന്നാം ടെസ്റ്റില്‍ ഇരുവരും ടീമില്‍ ഇടം നേടുമെന്നാണ്.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും 87 റണ്‍സുമാണ് താരം നേടിയത്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ജഡേജ നേരത്തെ തന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പോസ്റ്റ് ചെയ്തിരുന്നു. ‘ മെച്ചപ്പെടുന്നു’ എന്ന ടാഗ് ലൈനോട് കൂടിയാണ് താരം പോസ്റ്റ് ഇട്ടത്.

 

നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ഒഴിവാക്കിയ വിരാട് കോഹ്‌ലി അടുത്ത രണ്ട് മത്സരങ്ങളിലും പുറത്താണ്. തിരിച്ചുവരവ് സംബന്ധിച്ച് വിരാട് ബോര്‍ഡുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിരാട് കുടുംബത്തോടൊപ്പം നിലവില്‍ ലണ്ടനിലാണെന്നാണ് വിവരം.

 

Content Highlight: Ravindra Jadeja And K.L. Rahul Is Coming Back To Third Test Agaist England