റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ അവനാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് അശ്വിന്‍
Cricket
റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ അവനാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 25th August 2026, 9:20 pm

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ പ്രശംസിച്ച് ഇതിഹാസതാരം ആര്‍. അശ്വിന്‍. പന്തിന്റെ ഷോട്ട് സെലക്ഷനെയോ പുറത്താകുന്ന രീതിയേയോ വിമര്‍ശിക്കാമെന്നും പക്ഷെ റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് പന്തെന്നും അശ്വിന്‍ പറഞ്ഞു. എതിരാളികളില്‍ നിന്ന് വളരെ വേഗം മത്സരം തട്ടിയെടുക്കാനുള്ള കഴിവ് പന്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പന്തിന്റെ ബാറ്റിങ് അത്രത്തോളം ക്രൂരമാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

‘റിഷബ് പന്തിന്റെ ഷോട്ട് സെലക്ഷനെയോ പുറത്താകുന്ന രീതിയേയോ വിമര്‍ശിക്കാം. എന്നാല്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ഒരുപക്ഷേ പന്ത് തന്നെയാണ്. അദ്ദേഹത്തിന്റെ സ്വാധീനം നോക്കൂ, മത്സരങ്ങള്‍ ജയിപ്പിച്ച ഇന്നിങ്‌സുകള്‍ നോക്കൂ. അതും വളരെ ചെറിയ കരിയറിനിടയിലാണ് അദ്ദേഹം ഇതെല്ലാം നേടിയത്. 20 വര്‍ഷമായി അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയല്ല.

കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാനുള്ള അതുല്യമായ കഴിവ് പന്തിനുണ്ട്. പ്രത്യേകിച്ച് കാര്യങ്ങള്‍ ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമ്പോഴും പിച്ച് വലിയ വെല്ലുവിളിയാകുമ്പോഴും. അദ്ദേഹത്തിന്റെ ബാറ്റിങ് അത്രത്തോളം ദയയില്ലാത്തതാണ്. അത്തരം സാഹചര്യങ്ങളിലാണ് പന്തിന്റെ മൂല്യം പലമടങ്ങായി വര്‍ധിക്കുന്നത്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് റിഷബ് പന്ത് കാഴ്ചവെച്ചത്. പരിക്കേറ്റിറ്റും തിരിച്ചെത്തി 89 പന്തില്‍ നിന്ന് 63 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Content Highlight: R Ashwin Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ