ഇന്ത്യ വിടുക; ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് യു.എസ് പൗരന്മാര്‍ക്ക് നോട്ടീസ് അയച്ച് പൂനെ പൊലീസ്
India
ഇന്ത്യ വിടുക; ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് യു.എസ് പൗരന്മാര്‍ക്ക് നോട്ടീസ് അയച്ച് പൂനെ പൊലീസ്
നിഷാന. വി.വി
Wednesday, 29th April 2026, 2:31 pm

പൂനെ: ടൂറിസ്റ്റ് വിസയില്‍ എത്തി അനുവദിനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് യു.എസ് പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ നോട്ടീസ് നല്‍കി പൂനെ പൊലീസ്.

മെയ് 10നകം രാജ്യം വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് പേരും
മതപരമായ വസ്തുക്കള്‍ വിതരണം ചെയ്തുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പ്രദേശവാസികളുമായി ഇടപഴകിയിരുന്നുവെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തി മതപരമായ പ്രസംഗത്തിലും പ്രചരണത്തിലും ഏര്‍പ്പെട്ടതിലൂടെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

53, 56, 66 വയസ് പ്രായമുള്ള മൂന്ന് യു.എസ് പൗരന്മാര്‍ ഏപ്രില്‍ 19നും ഏപ്രില്‍ 21 നും ഇടയില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് വിസയില്‍ മതപ്രചാരണം അനുവദിക്കുന്നതല്ലെന്നും ഇത് വിസ നിയമ ലംഘനമാണെന്നും പൊലീസ് പറഞ്ഞു.

ഏപ്രില്‍ 27ന് സംഘം സ്വാകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് ഇംഗീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ലഘുലേഘകള്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ക്യാബ് ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. ശേഷം മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇവരുടെ യാത്രാ രേഖകള്‍ പരിശോധിച്ചതായും മതപരമായ സന്ദേഷങ്ങളുമായി ബന്ധപ്പെട്ട ധാരാളം അച്ചടിച്ച വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിന്നാലെയുള്ള അന്വേഷണത്തിലാണ് വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത്.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യ വിടാന്‍ ആവശ്യപ്പെടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

Content Highlight: Pune Police issues notice to three US citizens for religious propaganda on tourist visas, asks them to leave India

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.