എമ്പുരാന്റെ ഓളം അടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളെ വീണ്ടും മോഹന്‍ലാല്‍ ഇളക്കിമറിച്ചിരിക്കുകയാണ് തുടരും എന്ന ചിത്രത്തിലൂടെ. തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ തുടരും ഫാമിലി ഡ്രാമ എന്ന നിലയിലാണ് തിയേറ്ററുകളിലെത്തിയത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും ഒരുമിച്ച് കാണാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.
ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോള്‍ ഡയലോഗുകള്‍. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കീറിമുറിക്കപ്പെട്ട മോഹന്‍ലാലിന്റെ ഡയലോഗുകളും താടി വടിക്കാതെ എല്ലാ സിനിമയിലും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുമുള്ള ഡയലോഗുകള്‍ ചിത്രത്തിലുണ്ടായിരുന്നു. മോഹന്‍ലാലില്‍ നിന്ന് ഇത്തരം ഡയലോഗുകള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇപ്പോഴിതാ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിര്‍മാതാവ് രഞ്ജിത്. ‘കഞ്ഞിയെടുക്കട്ടെ’ എന്ന ഡയലോഗ് ശോഭനയെക്കൊണ്ട് ചോദിപ്പിക്കുന്ന സീന്‍ എടുക്കുന്നതിന് മുമ്പ് തരുണ്‍ മൂര്‍ത്തിക്ക് പേടിയായിരുന്നെന്ന് രഞ്ജിത് പറഞ്ഞു. തരുണ്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ സീന്‍ ഷൂട്ട് ചെയ്ത സമയത്ത് താനും അവിടെ ഉണ്ടായിരുന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
ആദ്യം കഥ പറഞ്ഞ സമയത്ത് ഈ ഡയലോഗുകള്‍ ഇല്ലായിരുന്നെന്നും പിന്നീട് ഒരു രസത്തിന് വേണ്ടി കൂട്ടിച്ചേര്‍ത്തതാണെന്നും രഞ്ജിത് പറയുന്നു. എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് തരുണിന് ടെന്‍ഷനായെന്നും ആ ഡയലോഗുകള്‍ കണ്ടാല്‍ എന്തെങ്കിലും പറയുമോ എന്ന് പേടിച്ചെന്നും രഞ്ജിത് പറഞ്ഞു.
താനും തരുണും കൂടിയാണ് മോഹന്‍ലാലിനെ കണ്ട് ഈ ഡയലോഗുകളെക്കുറിച്ച് പറഞ്ഞതെന്നും എന്നാല്‍ ആ സമയത്ത് മോഹന്‍ലാല്‍ ഒന്നും പറഞ്ഞില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. നാട്ടുകാരൊക്കെ പറയുന്നതല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്ന് രഞ്ജിത് പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതിലെ സെല്‍ഫ് ട്രോള്‍ ഡയലോഗുകളൊക്കെ റിലീസിന് ശേഷം ചര്‍ച്ചയായിരുന്നു. ആ സീന്‍ എടുത്ത സമയത്ത് ഞാനും അവിടെയുണ്ടായിരുന്നു. ‘കഞ്ഞിയെടുക്കട്ടേ’ എന്ന് ശോഭനയെക്കൊണ്ട് ചോദിക്കുന്നതായിരുന്നു ഡയലോഗ്. തരുണ്‍ ആദ്യം കഥ പറഞ്ഞ സമയത്ത് ആ ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു രസത്തിന് തരുണ്‍ എഴുതിച്ചേര്‍ത്തതായിരുന്നു. പക്ഷേ, സീനെടുക്കാന്‍ നേരം തരുണിന് പേടിയായി.
‘ഈ ഡയലോഗൊക്കെ വായിച്ചാല്‍ ലാലേട്ടന്‍ വല്ലതും പറയുമോ’ എന്ന് തരുണ്‍ ചോദിച്ചു. ഒരു ധൈര്യത്തിന് എന്നോടും വരാന്‍ പറഞ്ഞു. ഞാന്‍ ചേട്ടന്റെയടുത്ത് പോയിട്ട്, ഇങ്ങനെ കുറച്ച് ഡയലോഗുണ്ട്, കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു. ‘നാട്ടുകാര് മൊത്തം പറയുന്ന കാര്യമല്ലേ, എന്താ കുഴപ്പം’ എന്നാണ് ലാലേട്ടന്‍ ചോദിച്ചത്,’ രഞ്ജിത് പറഞ്ഞു.
Content Highlight: Producer Ranjith about self troll dialogues of Mohanlal in Thudarum movie