പിരിഞ്ഞിരുന്നപ്പോള്‍ മിസ് ചെയ്തു; സ്‌നേഹം  ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അന്ന് ഞങ്ങള്‍ തിരിച്ചറഞ്ഞു: പ്രിയദര്‍ശന്‍
Malayalam Cinema
പിരിഞ്ഞിരുന്നപ്പോള്‍ മിസ് ചെയ്തു; സ്‌നേഹം  ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അന്ന് ഞങ്ങള്‍ തിരിച്ചറഞ്ഞു: പ്രിയദര്‍ശന്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 8th April 2026, 12:18 pm

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ദമ്പതിമാരായിരുന്നു പ്രിയദര്‍ശനും ലിസിയും. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ലിസി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിങ് ബോയിങ്, ഒടരുതമ്മാവാ ആളറിയാം, താളവട്ടം, ചിത്രം തുടങ്ങി നിരവധി സിനിമകളില്‍ ലിസി നായികയായി അഭിനയിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാകുകയും 1990ല്‍ വിവാഹിതരാകുകയും ചെയ്തു. പിന്നീട് 2016ല്‍ വേര്‍പിരിഞ്ഞു. എന്നാല്‍ അടുത്തിടെ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫിലിം ഫെയര്‍ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ലിസിയുമായി പിരിയാനുണ്ടായ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശന്‍. ഒരുപാട് കാലം ഒരുമിച്ച് ജീവിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ ചെറിയ ഈഗോയുണ്ടായെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്കിടയില്‍ സ്‌നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

’32 വര്‍ഷം ഒരുമിച്ച് ജീവിച്ച സമയത്ത് എനിക്കും ലിസിക്കുമിടയില്‍ ഒരു തരം ബോറടിയും ഈഗോയും വന്ന് തുടങ്ങിയിരുന്നു. അത് വളരെ രൂക്ഷമായപ്പോള്‍ പിരിയുന്നതാകും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നല്ലതെന്ന് തോന്നി. അത് ഞാനും ലിസിയും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ തിരിച്ചറിഞ്ഞൊരു കാര്യം ഞങ്ങള്‍ ഇരുവരും പരസ്പരം മിസ് ചെയ്യാന്‍ തുടങ്ങി എന്നുള്ളതാണ്.

അതുകൊണ്ട് തന്നെ ഞങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വഴക്കുകള്‍ക്കിടയിലും ഞങ്ങള്‍ക്കുള്ളില്‍ ഒരു സ്‌നേഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നത് ഇപ്പോഴാണ്, ആ തിരിച്ചറിവ് കാരണം ഞങ്ങള്‍ വീണ്ടും ഒന്നായി.

നമ്മള്‍ക്ക് ജീവിതത്തില്‍ സ്വന്തമെന്ന് പറയാന്‍ ഒരാള്‍ ഒപ്പം ഉണ്ടാകുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങളുടെ കല്യാണത്തെ പറ്റി ചിന്തിച്ചപ്പോള്‍ മനസില്‍ വന്നൊരു കാര്യം ഇത് വേണ്ടെന്ന് വെച്ചാല്‍ കിട്ടാന്‍ പോകുന്നത് ചിലപ്പോള്‍ ഇതിലും മോശമായ ഒരാളെ ആയിരിക്കാം എന്നതായിരുന്നു,’ പ്രിയദര്‍ശനന്റെ വാക്കുകള്‍.

അതേസമയം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഭൂത് ബംഗ്ലയാണ് പ്രിയദര്‍ശന്റേതായി വരാനിരിക്കുന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 100ാം സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്.

 

Content Highlight: Priyadarshan talks about his breakup with Lissy and their reunion after years

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.