സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; ബില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍
Kerala News
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; ബില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 10:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. ശ്യാം ബി. കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ച ബില്‍ നാളെ (ബുധന്‍) മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സി.പി.ഐ.എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. സര്‍വകലാശാലയില്‍ എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ലഭിക്കുമെന്നാണ് വിവരം.

തീരുമാനത്തില്‍ ഏതാനും മന്ത്രിമാര്‍ നേരത്തെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. എസ്.എഫ്.ഐയും സി.പി.ഐ.എമ്മും കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രതിഷേധവും നടത്തിയിരുന്നു.

എന്നാല്‍ നാളെ ബില്ലില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം, സംസ്ഥാനത്ത് ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ 20ഓളം സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താത്പര്യമറിയിച്ചിരുന്നു.

ഇതിൽ മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിമാന, റെയില്‍ സൗകര്യങ്ങളുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് നിക്ഷേപം അനുമതി നൽകാൻ പദ്ധതിയിടുന്നത്.

Content Highlight: Private universities are coming up in the state; Bill in cabinet meeting on Wednesday