മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മലയാള സിനിമയിലെ അമരക്കാരിലൊരാളായിരുന്ന സുകുമാരന്‍ അകാലത്തില്‍ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പങ്കാളി മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ദ്രജിത്ത് പ്രേക്ഷകരെ അമ്പരപ്പിക്കുമ്പോള്‍ സംവിധായകനായും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തും പൃഥ്വിരാജും സജീവമാണ്.

അടുത്തിടെ പുറത്തിറങ്ങിയ പ്രകമ്പനത്തിലെയടക്കം പ്രകടനത്തിലൂടെ മല്ലിക സുകുമാരനും മലയാള സിനിമയുടെ മുന്‍നിരയിലുണ്ട്. എന്നാല്‍ സിനിമകളെക്കാള്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ മല്ലിക സുകുമാരന്‍ എന്നും സമൂഹ മാധ്യങ്ങളില്‍ സജീവമാണ്. താരസംഘടനയായ എ.എം.എം.എയുമായി ബന്ധപ്പെട്ട് മല്ലികയെടുത്ത നിലപാടുകളെല്ലാം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജ് അമ്മയ്‌ക്കൊപ്പം. Photo: NDTV

ഇപ്പോഴിതാ അമ്മയുമായുള്ള ബന്ധത്തെ കുറിച്ചും അമ്മയുടെ നിലപാടുകളെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ ജൂലൈ പത്തിന് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഐ നോബഡിയുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

‘അമ്മയ്ക്ക് ഒരു ശക്തമായ വ്യക്തിത്വം ഉണ്ട് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അതിന്റെ ഒരു ജനിതക പരമായ വിശേഷങ്ങളായിരിക്കുമല്ലോ എനിക്കും കിട്ടിയിരിക്കുന്നത്. ഒരു പക്ഷേ ഞങ്ങളുടെ പേഴ്‌സണാലിറ്റിയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടാകാം പക്ഷേ ഞങ്ങളുടെ ഇന്‍ഡിവിഡ്വാലിറ്റിയെ ഞങ്ങള്‍ രണ്ട് പേരും മുറുകെ പിടിക്കുന്നുണ്ട്. അമ്മ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ആരെയും ആശ്രയിക്കാതെ സ്വന്തമായി അഭിപ്രായമുള്ള ആളാണ് അമ്മ. അതുകൊണ്ട് തന്നെയാണ് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സാഹചര്യത്തില്‍ രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തി ഞങ്ങള്‍ ഇന്ന് കാണുന്ന നിലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചത്. എനിക്ക് ജീവിതത്തില്‍ അറിയാവുന്നതില്‍ വെച്ച് ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള സ്ത്രീയാണ് അമ്മ.

Photo: Onmanorama

 

അമ്മ എന്ത് പറയണമെന്നോ പറയാതിരിക്കണമെന്നോ പറയാന്‍ ചേട്ടനോ ഞാനോ ആരാണ്. ഇത് അവരുടെ ജീവിതമാണ്, അവരുടെ തീരുമാനമാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ മാത്രം പ്രശ്‌നമാണ്. ഞാനും അമ്മയും ചേട്ടനും തമ്മില്‍ ഒരുപാട് തര്‍ക്കങ്ങളെല്ലാം ഉണ്ടാകാറുണ്ട്. പക്ഷേ അതിനെ തുടര്‍ന്ന് അമ്മ മാറണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ പേഴ്‌സണാലിറ്റി ഇങ്ങനെയായത് കൊണ്ട് അമ്മ ഒരിക്കലും എന്നോട് മാറണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ഞാനെന്തിനാണ് അമ്മയുടെ അടുത്ത് മാറാന്‍ പറയുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj talks about his mother Mallika Sukumaran