പ്രേമമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍ ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല ഗോള്‍ഡ്.

റിലീസ് ദിവസം മുതല്‍ ചിത്രത്തിന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായകനും നിര്‍മാതാവും പൃഥ്വിരാജായിരുന്നു. നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണെന്നതും പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടാക്കിയിരുന്നത്.

ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ വര്‍ക്ക് ആയില്ല എന്ന കാര്യം അറിയിക്കുകയാണ് പൃഥ്വിരാജ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം കാപ്പയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ വര്‍ഷം തിയേറ്ററുകളില്‍ ഹാട്രിക് വിജയം നേടിയിരുന്നല്ലോ എന്നും അതുകൊണ്ടാണോ നിര്‍മാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ ഗോള്‍ഡ് അക്കൂട്ടത്തില്‍ ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. തിയേറ്ററുകളില്‍ വിജയിക്കാതിരുന്നിട്ടും ചിത്രം തങ്ങള്‍ക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഗോള്‍ഡ് വര്‍ക്ക് ചെയ്തില്ലല്ലോ, പക്ഷെ ഞങ്ങള്‍ക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിന്റെ സത്യം’, എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

അതേസമയം കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്.

ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ചിത്രത്തിന്റെ ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 22 ന് ആണ്.

content highlight: prithviraj about gold movie