കോഴിക്കോട്: ഐസിസിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമതക്കാരും ജൂതന്‍മാരും ഒന്നിക്കണമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

മുസ്‌ലീമിന്റെ കാര്യത്തില്‍ നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഒന്നില്ല.  ഖുര്‍ആനില്‍ പറയുന്നതാണ് ഐസിസ് ചെയ്യുന്നത്. താന്‍ ഖുര്‍ആന്‍ വായിച്ചതാണെന്നും തൊഗാഡിയ പറഞ്ഞു.

മുസ്‌ലിം അല്ലാത്തവര്‍ക്ക് നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടന്നുവരികയാണ്. അതിനായി ഉപയോഗിച്ചു വരുന്ന ആയുധങ്ങളില്‍ ഒന്നാണ് ലൗ ജിഹാദ്. ലൗ ജിഹാദിനെ നേരിടാന്‍ ക്രിസ്ത്യാനികളോട് സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റിയാണ് ഐസിസ്് തീവ്രവാദത്തിന് ആളുകളെ കൂട്ടുന്നത്. ഇതിനെതിരെ ഈ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും തൊഗാഡിയ കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവര്‍ കൊല്ലാനും കൊല്ലപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. നമ്മള്‍ ജീവിതത്തെ സ്‌നേഹിക്കുമ്പോള്‍ അവര്‍ ഹത്യയെ സ്‌നേഹിക്കുന്നു.

ജര്‍മനിയില്‍ അവര്‍ക്ക് അഭയവും ഭക്ഷണവും നല്‍കിയ ക്രിസ്ത്യന്‍ പുരോഹിതനെയാണ് കൊന്നത്. ഇങ്ങനെ മാറ്റാരും ചെയ്യില്ലെന്നും തൊഗാഡിയ ആരോപിച്ചു.

ഐസിസ് എല്ലാവര്‍ക്കും ഭീഷണിയാണ്. വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ സംരക്ഷിക്കണം. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമാക്കി നിലനിര്‍ത്തണമെങ്കില്‍ ഏക സിവില്‍കോഡ് കൊണ്ടുവരണമെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ദലിതുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ചിലര്‍ ചെയ്ത പ്രവര്‍ത്തികള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു,

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും തൊഗാഡിയ രംഗത്തെത്തി. രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് തൊഗാഡിയ ആരോപിച്ചു.

വിദേശനയം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ മോഡി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് നല്കിയ വാക്ക് മോഡി സര്‍ക്കാര്‍ പാലിച്ചില്ല. കശ്മീരിലെ സംഘര്‍ഷം തടയാനും സാധിച്ചില്ല. മോഡിയുടെ നയതന്ത്രം ഗുണം ചെയ്യുമോയെന്ന് ഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.