സിനിമാഫീല്‍ഡില്‍ കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാതിരുന്നിട്ടും സ്വന്തം കഠിനാധ്വാനം കൊണ്ട് മുന്‍നിരയിലേക്കെത്തിയ നടനാണ് പ്രദീപ് രംഗനാഥന്‍. ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാ ഫീല്‍ഡിലേക്ക് കടന്നുവന്ന പ്രദീപ് സംവിധായകനായും നടനായും ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. ബാക്ക് ടു ബാക്ക് 100 കോടി നേടി തമിഴിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്.
പ്രദീപിന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസിന് തയാറെടുക്കുകയാണ്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2040ല്‍ നടക്കുന്ന ഫ്യൂച്ചറിസ്റ്റിക് കഥയാണ് എല്‍.ഐ.കെയുടേത്. ഭാവി കാലത്തെ റിലേഷന്‍ഷിപ്പുകളും അതിലെ പ്രശ്‌നങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.
ഡ്രാഗണ്‍, ഡ്യൂഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപിന്റെ അടുത്ത 100 കോടി ചിത്രമായി എല്‍.ഐ.കെ മാറുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പ്രദീപിന്റെ സ്ഥിരം മാനറിസവും സ്റ്റൈലും ട്രെയ്‌ലറിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. എന്നാല്‍ ട്രെയ്‌ലര്‍ റിലീസായതിന് പിന്നാലെ പ്രദീപിനെ വിമര്‍ശിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
ട്രെയ്‌ലറില്‍ റോബോട്ടുമായി പ്രദീപിന്റെ വാസ് എന്ന കഥാപാത്രം ഫൈറ്റ് ചെയ്യുന്നുണ്ട്. ഇതാണ് പലരെയും ചൊടിപ്പിച്ചത്. എന്തിരന്റെ ജെന്‍ സീ വേര്‍ഷനാണ് ഇതെന്ന് തോന്നുന്നെന്നും പ്രദീപ് രജിനിയെ മനപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കമന്റുകള്‍. ഡ്രാഗണ്‍ മുതല്‍ പ്രദീപ് രംഗനാഥനെ രജിനിയുമായി പലരും താരതമ്യം ചെയ്തിരുന്നു.
ഡ്രാഗണില്‍ ചില സീനുകളില്‍ രജിനിയുടെ മാനറിസം കടന്നുവരുന്നുണ്ടെങ്കിലും അത് യാദൃശ്ചികമായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഡ്യൂഡിലേക്ക് എത്തിയപ്പോള്‍ മനപൂര്‍വം രജിനിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പല ട്രോളുകളും മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
രജിനികാന്തിനെ ‘പെരിയ പി.ആര്‍’ എന്നും പ്രദീപിനെ ‘റിയല്‍ സൂപ്പര്‍സ്റ്റാര്‍’ എന്നും പരിഹാസരൂപത്തില്‍ ടൈറ്റിലുകള്‍ നല്‍കി. രജിനികാന്ത് പ്രദീപിനെ അനുകരിക്കുന്നു എന്ന തരത്തിലുള്ള ട്രോളുകളും വൈറലായിരുന്നു. എന്നാല്‍ പ്രദീപിനെ ഇത്തരത്തില്‍ ട്രോളേണ്ട ആവശ്യമില്ലെന്നും ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ ആളാണ് പ്രദീപെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Pradeep Ranganathan getting criticisms after the trailer of Love Insurance Kompany