കെ.സി നിങ്ങളുടെ പെട്ടി താങ്ങിയായിരിക്കാം, കേരളം നിങ്ങൾക്ക് മാപ്പുതരില്ല; വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ
Kerala News
കെ.സി നിങ്ങളുടെ പെട്ടി താങ്ങിയായിരിക്കാം, കേരളം നിങ്ങൾക്ക് മാപ്പുതരില്ല; വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ
ആദര്‍ശ് എം.കെ.
Wednesday, 13th May 2026, 9:00 am

കൽപ്പറ്റ: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അന്ത്യമില്ലാതെ തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട് കൽപ്പറ്റയിൽ പോസ്റ്റർ പ്രതിഷേധം. ഡി.സി.സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇരുവരും കെ.സി. വേണു​ഗോപാലിനെയാണ് പിന്തുണയ്ക്കുന്നത് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘കെ.സി വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല’ എന്നാണ് പോസ്റ്റർ. ഇതിനൊപ്പം വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു ‘പെട്ടി താങ്ങി’ മാത്രമാണെന്നും പോസ്റ്ററുകൾ ആരോപിക്കുന്നു.

‘വയനാടിനെ മറന്നേക്കൂ, കേരള ജനത നിങ്ങൾക്ക് മാപ്പ് തരില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ ഡി.സി.സി ഓഫിസിന് മുന്നിൽ പതിച്ചിട്ടുണ്ട്. വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നും സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നു.

ജയിക്കാൻ വേണ്ടി മാത്രം വയനാട്ടിലേക്ക് വരരുത്, ഇത്തരം രാഷ്ട്രീയ നിലപാടുകൾ മടുത്തു, രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററുകളിൽ വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസത്തിലധികം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിന് കഴിയാത്തതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

ഹെെക്കമാൻഡിന്റെ പിന്തുണ കെ.സിക്കാണ് എന്നതും ​ഗ്രൗണ്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ‌ തന്നെ തർക്കം രൂക്ഷമായി തുടരുകയാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളെച്ചൊല്ലിയുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ ആരംഭിച്ച് തെരുവിലും എത്തിനിൽക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ മുസ് ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി എന്നീ ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലാണ്. അനിശ്ചിതത്വം വൻവിജയത്തിന്റെ ശോഭ കെടുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സമ്മതിച്ചിട്ടുണ്ട്.

ജനവിധിയോട് നീതി പുലർത്താൻ യു.ഡി.എഫിന് ബാധ്യതയുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചർച്ചകൾക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

 

Content Highlight: Poster protest against Rahul Gandhi and Priyanka Gandhi in Wayanad

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.