തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് പരാതിയെ തുടര്‍ന്ന് കോട്ടയം റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി.

നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്യാന്‍ കയറിയ യുവതിയോടാണ് ടി.ടി.ഇ മോശമായി പെരുമാറിയത്. പുലര്‍ച്ചെ ഒറ്റക്കായിരുന്ന യുവതിയുടെ അടുത്തെത്തി ടി.ടി.ഇ അശ്ലീല ചുവയോടെ സംസാരിക്കുകയും മറ്റൊരു കംപാര്‍ട്ട്‌മെന്റിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പോകാന്‍ തയ്യാറാകാതിരുന്ന യുവതിയോട് ടി.ടി.ഇ മോശമായി പെരുമാറുകയായിരുന്നു.

ശല്യം തുടര്‍ന്നതോടെ യുവതി തിരുവനന്തപുരം റെയില്‍വേ പൊലീസിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ കംപാര്‍ട്ട്‌മെന്റിലെത്തി ടി.ടി.ഇയെ കസ്റ്റഡിയില്‍ എടുക്കുകയും കോട്ടയം റെയില്‍വേ പൊലീസിന് കൈമാറുകയുമായിരുന്നു.

Contenthighlight: police arrested TTE for missbehaving with women