ഒരു ദിവസം നിങ്ങളറിയും ഞാനൊരേറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന്,
ഞാന്‍ പങ്കാളിയായ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടിക കണ്ട്
അന്ന് ഞെട്ടരുത്.


ഒരു ദിവസം നിങ്ങളറിയും
ഞാനൊരേറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന്,
ഞാന്‍ പങ്കാളിയായ
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടിക കണ്ട്
അന്ന് ഞെട്ടരുത്.

 

ഞാന്‍ കൊന്നവരുടെ പേരുണ്ടാകും
ചിലപ്പോഴതില്‍,
ഞാന്‍ ബോംബെറിഞ്ഞു തകര്‍ത്ത ബില്‍ഡിംഗുകളുടെ ചിത്രമുണ്ടാകും,
സംഭവസ്ഥലങ്ങളില്‍
എന്നെക്കണ്ടവരുടെ മൊഴിയുണ്ടാകും,
എനിക്ക് വിദേശത്ത് നിന്ന് പണം വന്ന
മരവിപ്പിക്കപ്പെട്ട ബാങ്കക്കൗണ്ടുകളുടെ പട്ടികയുണ്ടാകും,
ഞാന്‍ യാത്ര ചെയ്ത ബസ്സുകളുടെ ടിക്കറ്റുണ്ടാകും,
ഞാനെടുത്ത ഹോട്ടല്‍ റൂമുകളുടെ
ചെക്കിന്നും ഔട്ടുമായ സമയപ്പട്ടികക്കൊപ്പം
എന്റെ ആധാര്‍ കോപ്പിയുണ്ടാകും,
നിയമപാലകരുടെ
ചോരയൊഴുകുന്ന ഹൃദയത്തിന്റെ രേഖാപടമുണ്ടാകും,
നിറയൊഴിച്ച തോക്കില്‍
എന്റെ വിരലടയാളമുണ്ടാകും,
എനിക്കൊപ്പം മരിക്കണമെന്ന്
പുസ്തകത്തില്‍ കണക്കുണ്ടായിരുന്ന
പോലീസുകാരനെ
ഏറ്റുമുട്ടലിനിടയില്‍
ഞാന്‍ കൊന്ന് തെരുവിലിട്ടതിന്റെ
കരളലിയിക്കുന്ന കാഴ്ചയുണ്ടാകും
ഞാനേ ഉണ്ടാകാതിരിക്കൂ !!
എന്നെക്കൊന്ന തോക്കും, പോലീസും, സ്റ്റേറ്റും
എന്നെ പ്രതിനിധാനം ചെയ്യാനുണ്ടാകും.
പോട്ടെ സര്‍ ?
നിങ്ങളുടെ രാജ്യം ജയിക്കട്ടെ ..