ഏറ്റവും മികച്ച നേതാവ് പിണറായി വിജയന്‍; കേരളത്തില്‍ ബി.ജെ.പി വളരില്ലെന്ന് ഭൂരിഭാഗം; മാതൃഭൂമി സര്‍വേ റിപ്പോര്‍ട്ട്
Kerala News
ഏറ്റവും മികച്ച നേതാവ് പിണറായി വിജയന്‍; കേരളത്തില്‍ ബി.ജെ.പി വളരില്ലെന്ന് ഭൂരിഭാഗം; മാതൃഭൂമി സര്‍വേ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2022, 10:44 am

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച നേതാവ് ആരെന്ന സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തി പിണറായി വിജയന്‍. മാതൃഭൂമി നടത്തിയ സര്‍വേയിലാണ് 48.5 ശതമാനം പേര്‍ പിണറായിയെ പിന്തുണച്ചത്.

ഉമ്മന്‍ ചാണ്ടിയാണ് ജനസമ്മതിയില്‍ രണ്ടാം സ്ഥാനത്ത്. 17.07 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. 8.55 ശതമാനം പേരുടെ പിന്തുണ നേടി മൂന്നാം സ്ഥാനത്തുള്ളത് വി.എസ്. അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, കെ. സുധാകരന്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്.

മാതൃഭൂമിയും മാഡ്മാക്‌സും ചേര്‍ന്ന് നടത്തിയ ‘മലയാളി മനസ്’ എന്ന സര്‍വേയില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്.

സര്‍ക്കാരിനെ സംബന്ധിക്കുന്ന മറ്റ് ചോദ്യങ്ങളും സര്‍വേയില്‍ ഉണ്ടായിരുന്നു. കെ-റെയിലിനെ പ്രതികൂലിച്ചാണ് 58 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നിയമനങ്ങള്‍ സുതാര്യമല്ലെന്നും 63 ശതമാനം പേര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മതസാമുദായിക സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങുന്നുവെന്ന് 63 ശതമാനം പേര്‍ കരുതുന്നുണ്ട്.

അതേസമയം, കേരളത്തില്‍ ബി.ജെ.പി വളരുമോ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ഇല്ല എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. 67 ശതമാനം പേരാണ് ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാകില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

Content Highlight: Pinarayi Vijayan is the best leader says a survey report by Mathrubhumi