തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറുകള്‍ മാത്രം, നല്ല പ്രണയഗാനങ്ങള്‍ ബോളിവുഡിലാണുള്ളത്: രശ്മിക മന്ദാന
Entertainment news
തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറുകള്‍ മാത്രം, നല്ല പ്രണയഗാനങ്ങള്‍ ബോളിവുഡിലാണുള്ളത്: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 9:29 am

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന സ്‌പൈ ത്രില്ലര്‍ ചിത്രം മിഷന്‍ മജ്‌നുവാണ് രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ സിനിമ. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ രശ്മിക നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. വേദിയില്‍ രശ്മിക നടത്തിയ ഒരു പരാമര്‍ശം തെന്നിന്ത്യന്‍ സിനിമയെ അപമാനിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തന്റെ പുതിയ സിനിമയിലെ പ്രണയ ഗാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നല്ല റോമാന്റിക് ഗാനങ്ങളില്ലെന്നും അവിടെ മാസ് മസാല, ഐറ്റം നമ്പറുകള്‍ മാത്രമാണുള്ളതെന്നുമാണ് താരം പറഞ്ഞത്. തന്നെ സംബന്ധിച്ച് റൊമാന്റിക് ഗാനങ്ങള്‍ എന്നുപറഞ്ഞാല്‍ ബോളിവുഡ് ഗാനങ്ങളാണെന്നും ഇതാണ് തന്റെ ആദ്യത്തെ റൊമാന്റിക് ഗാനമെന്നും താരം പറഞ്ഞു.

‘എന്നെ സംബന്ധിച്ച് പ്രണയ ഗാനങ്ങള്‍ എന്നുപറയുന്നത് ബോളിവുഡ് സിനിമയിലെ പാട്ടുകളാണ്. ഞാനൊക്കെ വളര്‍ന്ന് വരുന്ന സമയത്ത് അങ്ങനെയായിരുന്നു. തെന്നിന്ത്യയില്‍ ഞങ്ങള്‍ക്ക് മാസ് മസാല, ഐറ്റം നമ്പേഴ്‌സ് ഒക്കെയാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. ഇതാണ് എന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനം. അതുകൊണ്ട് തന്നെ വലിയ ആവേശത്തിലാണ് ഞാന്‍. ഇത് വളരെ നല്ലൊരു ഗാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ പാട്ട് നിങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍,’ രശ്മിക മന്ദാന പറഞ്ഞു.

ബോളിവുഡില്‍ ഒരു അവസരം കിട്ടിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് ചില കമന്റുകള്‍ വരുന്നത്. തെലുങ്ക് സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സമാന രീതിയില്‍ കന്നഡ സിനിമയെ രശ്മിക തള്ളിപറഞ്ഞിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. എന്തായാലും വീഡിയോ വൈറലായതോടെ രശ്മികക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

അതേസമയം താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ് മിഷന്‍ മജ്‌നു. അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രത്തിലെത്തിയ ഗുഡ് ബൈയായിരുന്നു രശ്മികയുടെ ആദ്യ സിനിമ. ശന്തനു ബാഗ്ചിയാണ് മിഷന്‍ മജ്‌നു സംവിധാനം ചെയ്യുന്നത്. പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‌വ, രജിത് കപൂര്‍ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ജനുവരി 20നാണ് സിനിമ റിലീസ് ചെയ്യുന്നത്.

വിജയ് നായകനാകുന്ന വാരിസാണ് താരത്തിന്റെ തിയേറ്ററിലെത്തുന്ന അടുത്ത സിനിമ. പൊങ്കലിനാണ് സിനിമ റിലീസ് ചെയ്യുന്നത്. വിജയ്ക്ക് പുറമേ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെ വാരിസ് അണിനിരക്കുന്നുണ്ട്.

content highlight: rashmika mandanna comparing bollywood cinema and south indian cinema