നെതന്യാഹുവിന്റെ തിരിച്ചുവരവ് സ്വാഗതം ചെയ്യുന്നുവെന്ന് പുടിന്‍; നെതന്യാഹു സുഹൃത്ത്, ടു സ്റ്റേറ്റ് സൊല്യൂഷനെ പിന്തുണക്കുന്നത് തുടരുമെന്ന് ബൈഡന്‍
World News
നെതന്യാഹുവിന്റെ തിരിച്ചുവരവ് സ്വാഗതം ചെയ്യുന്നുവെന്ന് പുടിന്‍; നെതന്യാഹു സുഹൃത്ത്, ടു സ്റ്റേറ്റ് സൊല്യൂഷനെ പിന്തുണക്കുന്നത് തുടരുമെന്ന് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2022, 10:28 am

മോസ്‌കോ \ വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും സ്ഥാനമേറ്റെടുത്തതിനെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യ- ഇസ്രഈല്‍ ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പുടിന്‍ പ്രതികരിച്ചു.

”താങ്കളുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ എല്ലാ മേഖലകളിലും റഷ്യന്‍-ഇസ്രഈല്‍ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അത് സഹായകരമാകും,” നെതന്യാഹുവിനയച്ച സന്ദേശത്തില്‍ പുടിന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ ദീര്‍ഘകാലമായി നല്‍കിവരുന്ന വ്യക്തിപരമായ സംഭാവനകളെ ഞങ്ങള്‍ റഷ്യയിലെ ജനങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നെതന്യാഹുവിനെ ‘സുഹൃത്ത്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യു.സ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ആശംസകളറിയിച്ചത്.

”പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെ ഇസ്രഈലും മിഡില്‍ ഈസ്റ്റ് മേഖലയും നേരിടുന്ന നിരവധി വെല്ലുവിളികളും അവസരങ്ങളും ഒരുമിച്ച് അഭിമുഖീകരിക്കുന്ന കാര്യത്തില്‍ പതിറ്റാണ്ടുകളായി എന്റെ സുഹൃത്താണ് അദ്ദേഹം.

എന്റെ ഭരണത്തിലുടനീളം ഞങ്ങളെടുത്ത നിലപാട് പോലെത്തന്നെ, ‘ടു സ്റ്റേറ്റ് സൊല്യൂഷനെ’ പിന്തുണക്കുന്നതും ഇസ്രഈലിന്റെയും യു.എസിന്റെയും പരസ്പര താല്‍പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ നയങ്ങളെ എതിര്‍ക്കുന്നതും ഞങ്ങള്‍ തുടരും.’ എന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ഇസ്രഈലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് നെതന്യാഹു. 1996- 1999, 2009- 2021 കാലഘട്ടത്തിലാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്.

വ്യാഴാഴ്ചയായിരുന്നു നെതന്യാഹു പ്രധാനമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണിത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ പണിയുന്നതിനും അവ വിപുലീകരിക്കുന്നതിനുമായിരിക്കും പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പായി പുറത്തുവിട്ട നയരേഖയില്‍ (policy guidelines) നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടക്കാല പ്രധാനമന്ത്രി യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്നായിരുന്നു നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. സയണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ബ്ലോക്കിന്റെ വിജയം.

ഇതേത്തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളിലേക്ക് നെതന്യാഹു കടന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നെതന്യാഹുവിന് തിരിച്ചുവരാനുള്ള അവസരമായിരിക്കുമിതെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

Content Highlight: Joe Biden and Vladimir Putin welcomed the return of Benjamin Netanyahu as Israeli PM