'ഈ കൈകൾ ഇപ്പോഴും ശുദ്ധമാണ്'; 'മനോരമ വാർത്തകൾ നുണ': രൂക്ഷവിമർശനവുമായി പിണറായി വിജയൻ
Kerala
'ഈ കൈകൾ ഇപ്പോഴും ശുദ്ധമാണ്'; 'മനോരമ വാർത്തകൾ നുണ': രൂക്ഷവിമർശനവുമായി പിണറായി വിജയൻ
ശ്രീലക്ഷ്മി പി.പി
Saturday, 22nd August 2026, 1:50 pm

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തകൾ അടിസ്ഥാനരഹിതവും നുണയുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ കുടുംബത്തിനെതിരായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പുകമറ ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി.എ. മുഹമ്മദ് റിയാസ് പണം ഹവാലയായി ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ഏത് ഏജൻസി നൽകിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തതെന്ന് പിണറായി ചോദിച്ചു. ഇത്തരം തെറ്റായ വാർത്തകൾക്കെതിരെ മുഹമ്മദ് റിയാസ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാമൻ മാത്യു നേതൃത്വം നൽകുന്ന മലയാള മനോരമ വാർത്തകൾ വസ്തുതാപരമായി നൽകുന്നതിന് പകരം പുതിയ കഥകൾ സൃഷ്ടിക്കുകയാണെന്ന് പിണറായി വിമർശിച്ചു.’പിണറായി വിജയനെതിരെ എന്തും പറയാം, എന്തും സൃഷ്ടിക്കാം എന്ന നിലപാടാണോ സ്വീകരിക്കുന്നത്? കാലങ്ങളായി തുടരുന്ന ഈ രീതി കൊണ്ട് എന്തെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു.

എക്സലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണത്തോട് വീണ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ആവശ്യമായ വിവരങ്ങൾ നൽകാൻ യാതൊരു മടിയുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

താനും മകളും കുടുംബാംഗങ്ങളും യാതൊരുവിധ ഹവാല ഇടപാടുകളിലും പങ്കാളികളായിട്ടില്ലെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും. ‘നേരത്തെ വ്യക്തമാക്കിയത് പോലെ, ഈ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്, ഇനിയും ശുദ്ധമായിരിക്കും; ഇതിൽ കറ പുരണ്ടതാക്കാമെന്ന് ആരും കരുതേണ്ട,’ എന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Content Highlight:Pinarayi Vijayan hits out at Manorama for spreading false news.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.