തിരുവനന്തപുരത്ത് പി.ഡി.പി-യൂത്ത് ലീഗ് സംഘര്‍ഷം; പൊലീസുകാരനടക്കം പരിക്ക്
kERALA NEWS
തിരുവനന്തപുരത്ത് പി.ഡി.പി-യൂത്ത് ലീഗ് സംഘര്‍ഷം; പൊലീസുകാരനടക്കം പരിക്ക്
ന്യൂസ് ഡെസ്‌ക്
Sunday, 23rd December 2018, 7:43 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് പി.ഡി.പി-യൂത്ത് ലീഗ് സംഘര്‍ഷം. തിങ്കളാഴ്ച നടക്കുന്ന യുവജന മാര്‍ച്ചിനായി യൂത്ത് ലീഗ് പ്രവര്‍ത്തകരും പി.ഡി.പിപ്രവര്‍ത്തകരുമാണ് പരസ്പരം ഏറ്റുമുട്ടിയത്. മഅ്ദനിക്കെതിരായ പി.കെ. ഫിറോസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനവും യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പി.ഡി.പി പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കല്ലേറിലാണ് പൊലീസുകാരന് പരിക്കേറ്റത്.

വാഹനത്തിലെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പി.ഡി.പി പ്രവര്‍ത്തകരെ വടിയും മറ്റും ഉപയോഗിച്ച് മര്‍ദിച്ചു. തുടര്‍ന്ന് സംഘടിച്ചെത്തിയ പി.ഡി.പി പ്രവര്‍ത്തകര്‍ തിരിച്ചും മര്‍ദിക്കുകയായിരുന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യൂത്ത് ലീഗുകാര്‍ സഞ്ചരിച്ച വാഹനവും ഏതാനും പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്ന് കമ്പിപ്പാര ലഭിച്ചതായി വിവരമുണ്ട്.