പ്രയാഗ്രാജ്: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ആരുടേയും തടസമില്ലാതെ ഒപ്പമുണ്ടാകാനുമുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ അത്തരത്തില്‍ ഹരജി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കലാവതി ദേവി എന്ന സ്ത്രീ തന്റെ 25 വയസുള്ള മകള്‍ കുമാരി പൂജയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സന്ദീപ് ജെയിന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മകള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം എവിടെ താമസിക്കണമെന്നും ആരുടെ കൂടെ നില്‍ക്കണമെന്നും തീരുമാനിക്കാന്‍ അവള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
ദല്‍ഹിയില്‍ സ്വതന്ത്രമായി ജീവിക്കുകയാണെന്നും, മാതാവിന്റെ വീട്ടില്‍ തനിക്ക് പീഡനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്നും അതിനാല്‍ മാതാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്നും മകള്‍ കോടതിയില്‍ നേരിട്ട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയും പ്രായപൂര്‍ത്തിയായെന്ന കാര്യവും പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
Content Highlight: Parents cannot compel an adult daughter to live with them: Allahabad High Court
