തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠത്തിന്റെ വസ്തു ആര്‍.എസ്.എസ് സേവാഭാരതിയുടെ പേരില്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരസമരം ആരംഭിച്ചു.

കോട്ടയ്ക്കകം മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള ബാലസദനത്തിന് മുന്നിലാണ് സ്വാമി നിരാഹാരം ആരംഭിച്ചത്. മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയാണ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ.

ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠം വകയാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്വാമി നിരാഹാരം തുടങ്ങിയത്.
മഠം തിരിച്ചുകിട്ടിയില്ലെങ്കില്‍ സമാധിവരെ നിരാഹാരം കിടക്കുമെന്നാണ് സ്വാമി പറയുന്നത്.

നേരത്തെ ബാലസദനത്തിന്റെ പേരില്‍ പുഷ്പാഞ്ജലി സ്വാമിമാര്‍ ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വര്‍ഷങ്ങള്‍ക്കുമുമ്പേ ആര്‍എസ്എസ് കൈയേറിയിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സ്വാമി നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ ജൂലായില്‍ രണ്ട്മാസം നീളുന്ന ചാതുര്‍മാസ വൃതം ജൂലായ് 16 ന് പുഷ്പാഞ്ജലി സ്വാമി മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള മഠത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനന്തശായി ബാലസദനത്തിന്റെ പ്രവര്‍ത്തകര്‍ അതിന് സമ്മതിച്ചില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് കെട്ടിടത്തിന് പുറത്തിരുന്ന് സ്വാമി വ്രതത്തിന്റെ ഭാഗമായ പൂജ നടത്തി. മറ്റ് ദിവസങ്ങളില്‍ താമസസ്ഥലത്താണ് വ്രതമനുഷ്ഠിച്ചത്. ഈ മാസം 17-ന് ആണ് വ്രതം അവസാനിക്കുന്നത് .

കേരളത്തിലെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലിക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിന് കാര്‍ത്തികതിരുനാള്‍ രാജാവ് 1789 ല്‍ നല്‍കിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. 1992 വരെ മഠാധിപതിയുണ്ടായിരുന്നു. നിലവിലെ സ്വാമിയാര്‍ 2016 ലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബാലസദനത്തിനായി മറ്റൊരു സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്നും അവശ്യമുണ്ടെങ്കില്‍ അന്തേവാസികളെ സംരക്ഷിക്കാനും തയ്യാറാണെന്നും പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ പറഞ്ഞു.

നിലവില്‍ ആര്‍.എസി.എസിന്റെ മുതിര്‍ന്ന നേതാക്കളെ അടക്കം സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടത്തിന് പുറത്ത് സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

Doolnews Video