Malayalam Cinema
'അയ്യോ നീ മാറരുത്, ഇതുപോലെ തന്നെ ഇരിക്കണം' എന്ന ആളുകളുടെ ഉപദേശമാണ് എന്റെ ഏറ്റവും വലിയ ഭയം: ജി.പി.
നന്ദന. ടി
Wednesday, 5th August 2026, 1:25 pm
ടെലിവിഷൻ അവതാരകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പദ്മസൂര്യ (ജി.പി.). ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജി.പി. പ്രേക്ഷകശ്രദ്ധ നേടുന്നത്. അവതരണത്തിന് പുറമേ ഡാഡി കൂൾ, 32-ാം അധ്യായം 23-ാം വാക്യം, വർഷം, പ്രേതം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2023 ൽ ആയിരുന്നു ടെലിവിഷൻ സീരിയൽ താരമായ നടി ഗോപികയുമായുള്ള ജി.പി.യുടെ വിവാഹം. ഇപ്പോഴിതാ മനോരമ മാക്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
ഒരു വ്യക്തി എന്ന നിലയിൽ തന്നിലെ നല്ല ഗുണങ്ങളെ നഷ്ടപ്പെടുത്താതെയുള്ള മാറ്റങ്ങളെ ഉൾകൊള്ളാൻ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് തുറന്നു പറയുകയാണ് താരം.

ഗോവിന്ദ് പദ്മസൂര്യ (ജി പി ). Photo. Facebook
‘ജീവിതത്തിൽ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതുമായ ഒരു കാര്യം, അഞ്ചു കൊല്ലം മുമ്പുള്ള വ്യക്തി ആകരുത് ഇന്ന് ഞാൻ എന്നതാണ്. കാരണം ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. എന്നോട് എപ്പോഴും ആളുകൾ പറയാറുള്ളത് അയ്യോ നീ മാറരുത് കേട്ടോ, ഇതുപോലെ തന്നെ ഇരിക്കണം എന്ന്. പക്ഷേ എനിക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യം അതാണ്.
ഞാൻ ഉദേശിക്കുന്നത് ജീവിതത്തിലെ നല്ല ഗുണങ്ങൾ നഷ്ടപ്പെടരുത്, എന്നാൽ ജീവിതത്തിൽ നമ്മൾ ഒരു മാറ്റവും സംഭവിക്കാതെ സ്റ്റക്ക് ആയിപ്പോകരുത് എന്നാണ്. എന്റെ വിവാഹശേഷമാണ് ഞാൻ തീർച്ചയായും മാറിയിട്ടുള്ളത്. അത് ഒരുപക്ഷേ വളരെ മനോഹരമായിട്ടുള്ള ഒരു മാറ്റമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വിവാഹശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ ആസ്വദിക്കുന്ന ഒരു വ്യക്തിയാണെന്ന് പറയുകയാണ് ജി.പി. അതുകൊണ്ടാണ് തന്റെ ഭാര്യ ഗോപികയുടെ ജീവിതത്തിൽ സംഭവിക്കുന്ന വളർച്ചയിൽ എക്‌സൈറ്റഡ് ആകാൻ സാധിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘വിവാഹശേഷം എന്നിൽ വന്ന മാറ്റങ്ങളെ ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടാണ് ഗോപിക ചെയ്യുന്ന കാര്യങ്ങളിലും എനിക്ക് നല്ല രീതിയിൽ ഇൻവോൾവ് ചെയ്യാൻ പറ്റുന്നത്. ഉദാഹരണത്തിന്, സുമതി വളവ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ അതിലൂടെ ഗോപികയുടെ വളർച്ചയും അല്ലെങ്കിൽ സിനിമയുടെ പ്രൊമോഷനൊക്കെ അവളുടെ കൂടെ പോകുമ്പോൾ എനിക്ക് ഞാനൊരു മലയാള സിനിമ ചെയ്ത ഫീലായിരുന്നു. അവൾ ഷൂട്ടിന് പോകുമ്പോഴും, അവളുടെ പാട്ട് ഇറങ്ങിയപ്പോഴുമൊക്കെ എനിക്കായിരുന്നു എക്‌സൈറ്റ്‌മെന്റ്. അതൊന്നും ഞാൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്,’ താരം പറഞ്ഞു.
പണ്ട് സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന തന്റെ ജീവിതത്തിലേക്ക് ഗോപികയെക്കൂടി ഭാഗമാക്കിയതോടെയാണ് ആ സ്വഭാവത്തിൽ മാറ്റം വന്നതെന്ന് ജി.പി. പറയുന്നു.
‘പണ്ട് ഞാൻ എന്റെ കാര്യങ്ങളിൽ മാത്രമായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ എന്നോട് പണ്ട് പറയുമായിരുന്നു നിനക്ക് നീ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ എന്ന്. അപ്പോൾ അതിലൊരു മാറ്റം വന്നു. ഗോപികയും ഇപ്പോൾ എന്റെ ഒരു ഭാഗമാണ്. ഇത്തരത്തിൽ ജീവിതത്തിലേക്ക് വേറൊരാളെക്കൂടി ഉൾപ്പെടുത്താൻ പറ്റുക എന്നത് ഒരു വലിയ കാര്യമാണല്ലോ,’ ജി പി പറഞ്ഞു.

ഗോവിന്ദ് പദ്മസൂര്യ (ജി പി). ഗോപിക. Photo. The Indian Express
Content Highlight: Govind Padmasoorya (GP) opens up about his life, marriage, and personal journey
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം