ഞങ്ങളുടെ പോരാട്ടം നിങ്ങളുടേതുമാണ്; ഫലസ്തീനെയും മുസ്‌ലിം സമൂഹത്തെയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധർ : ഇറാൻ
Trending
ഞങ്ങളുടെ പോരാട്ടം നിങ്ങളുടേതുമാണ്; ഫലസ്തീനെയും മുസ്‌ലിം സമൂഹത്തെയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധർ : ഇറാൻ
മുഹമ്മദ് നബീല്‍
Monday, 23rd March 2026, 3:41 pm

ടെഹ്‌റാൻ: ഇറാൻ ഫലസ്തീനെയും മുസ്‌ലിം സമൂഹത്തെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്റെ സൈന്യത്തെയും ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനെയും ഏകോപിപ്പിക്കുന്ന ഖതം അൽ-അൻബിയയുടെ വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാകാരി.

ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന്റെ ആദ്യനാളുമുതൽ ഫലസ്തീൻ പോരാട്ടം ഇറാൻ ജനതയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം ഉമ്മത്തും ഫലസ്തീൻ രാഷ്ട്രവും എന്നും ഇറാനിലെ ജനങ്ങളുടെ മനസ്സിൽ തേജസോടെ നിലനിൽക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

യാതൊരുവിധ പ്രതിസന്ധികൾക്കും മങ്ങലേൽപ്പിക്കാനോ തകർക്കാനോ കഴിയാത്ത നീതിയുടെ അടയാളമാണ് ഫലസ്തീനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇറാന്റെ പ്രത്യാക്രമണങ്ങൾ കേവലം ആത്മരക്ഷക്കുവേണ്ടിയോ രക്തസാക്ഷികളുടെ ജീവന് വേണ്ടിയുള്ള പ്രതികാരമോ മാത്രമല്ല. മറിച്ച് അടിച്ചമർത്തപ്പെട്ട മുഴുവൻ മുസ്‌ലിം ഉമ്മത്തിനെയും ഫലസ്തീൻ ജനതയെയും സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ്,’ ഇബ്രാഹിം സോൾഫാകാരി പറഞ്ഞു.

ഫലസ്തീൻ ഒരിക്കലും ഒരു രാജ്യത്തിന്റെ മാത്രം വിഷയമല്ലെന്നും മറിച്ച് അത് അന്തസ്സിന്റെയും അവകാശത്തിന്റെയും നീതിയുടെയും വിഷയമാണെന്നും അത് മുഴുവൻ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും പ്രശ്നമാണെന്നും സോൾഫാഖാരി വിശദീകരിച്ചു.

അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ഫലസ്‌തീന്റെ പോരാട്ടത്തിൽ അവർ ഒറ്റക്കല്ലെന്നും ഖതം അൽ-അൻബിയയുടെ വക്താവ് പറഞ്ഞു.

ഫലസ്തീൻ ജനത തലമുറകളായി കാത്തുസൂക്ഷിക്കുന്ന അന്തസിനെയും ക്ഷമയെയും നിശ്ചയദാർഢ്യത്തെയും വക്താവ് പ്രകീർത്തിച്ചു. ഒപ്പം, ഇറാന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രാഈലും സംയുക്തമായി ഇറാനെ ആക്രമിച്ച് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ അടക്കം ആയിരത്തിലധികം പേരെ കൊലപ്പെടുത്തുകയും സാഹചര്യത്തിലാണ് ഖതം അൽ-അൻബിയ വക്താവിന്റെ പ്രതികരണം.

Content Highlight: Our struggle is yours; we are committed to protecting Palestine and the Muslim community: Iran

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം