പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; പ്രാദേശിക പരിപാടികളിലും എസ്‌കോര്‍ട്ട്
Kerala News
പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; പ്രാദേശിക പരിപാടികളിലും എസ്‌കോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 9:22 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദേശം നല്‍കി.

പ്രാദേശിക പരിപാടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ എസ്‌കോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്റലിജന്‍സ് നിര്‍ദേശമുണ്ടായിരുന്നു.

കെ. സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമേ കമാന്റോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവല്‍ നല്‍കണം തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് മുന്നോട്ട് വെച്ചത്.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ സി.കെ.ജി സെന്ററിന് നേരെ ആക്രണം ഉണ്ടായിരുന്നു. ഓഫീസിന് മുന്നിലെ കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയിരുന്നു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണം നടന്നു. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടയില്‍ ഒരു പറ്റം പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ബോര്‍ഡും കസേരയും മേശയുമടക്കം അടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

വടകര എടച്ചേരിയിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. പയ്യോളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. വിലാപയാത്ര കടന്നു പോയതിനു ശേഷമാണ് ആക്രമണം.

മലപ്പുറം വണ്ടൂരിനടുത്ത് ചെറുകോട് കോണ്‍ഗ്രസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രകടനത്തിനിടെ സി.പി.ഐ.എമ്മിന്റെ കൊടികള്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

അതേസമയം, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു.

തളിപ്പറമ്പ് പട്ടപ്പാറയിലെ ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള സി.പി.ഐ.എം വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്.

അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജ്യുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ കഴിഞ്ഞ ദിവസം വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.

കൊലക്കുറ്റത്തിനാണ് നിഖിലിനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Opposition leader’s security beefed up; Escort at local events as well