ടി.പി. വധക്കേസിലെ എട്ട് പ്രതികള്‍ ജയിലിന് പുറത്ത്; പരോളിലിറങ്ങിയിട്ട് 250 ദിവസം
Kerala News
ടി.പി. വധക്കേസിലെ എട്ട് പ്രതികള്‍ ജയിലിന് പുറത്ത്; പരോളിലിറങ്ങിയിട്ട് 250 ദിവസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 8:54 am

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ എട്ട് പ്രതികള്‍ ജയിലിന് പുറത്തു കഴിയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടി സുനിക്കും റഫീഖിനും പുറമേയുള്ള എട്ടുപേരാണ് ജയിലിന് പുറത്ത് കഴിയുന്നത്.

ഇവര്‍ പരോളിലിറങ്ങിയിട്ട് കഴിഞ്ഞ ചൊവ്വാഴ്ച്ചയിലേക്ക് 250 ദിവസം പിന്നിട്ടിട്ടുണ്ട്. സര്‍ക്കാര്‍ പലതവണയായി അനുവദിച്ച 291 ദിവസത്തെ പരോളും ഒന്നാം കൊവിഡ് തരംഗത്തില് ലഭിച്ച 200ല്‍ ഏറെ ദിവസത്തെ പ്രത്യേക അവധിയും കൂടാതെയാണിത്.

2021 മെയ് 5ന് പുറത്തുവിട്ട 1201 ജീവപര്യന്ത തടവുകാരില്‍ 714 പേര്‍ സെപ്റ്റംബറില്‍ ജയിലില്‍ തിരിച്ച് കയറിയപ്പോള്‍ ടി.പി വധക്കേസിലെ പര്തികളടക്കമുള്ള 487 പേരാണ് ജയിലിന് പുറത്ത് കഴിയുന്നത്.

ഇത്രയും പേര്‍ക്ക് തിരികെ ജയിലില്‍ പ്രവേശിക്കുന്നതിന് സുപ്രീംകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിക്കുന്നതിനും ടി.പി. വധക്കേസിലെ പര്തികള്‍ മുന്നില്‍ നിന്നിരുന്നു. സുപ്രീംകോടതി വ്യക്തമാക്കിയതനുസരിച്ച് ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെ ജയിലില്‍ കഴിയുക എന്നാണ്, എന്നാല്‍ ഇത്തരത്തില്‍ പ്രത്യേക അവധികള്‍ ഫലത്തില്‍ ശിക്ഷ ഇളവുകളായി മാറും.

കേസില്‍ അറസ്റ്റിലായിരുന്ന പി.കെ. കുഞ്ഞനന്തന്‍ മരിച്ചതോടെ ആകെ 10 പ്രതികളാണ് ഇപ്പോഴുള്ളത്. ഒന്നാം കൊവിഡ് വ്യാപനത്തില്‍ കൊടി സുനി ഒഴികെയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കിയിരുന്നു. രണ്ടാം കൊവിഡ് വ്യാപനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നിയമിക്കപ്പെട്ട ഉന്നാധികാര സമിതി റിമാന്റ് തടവുകാര്‍ക്ക് ജാമ്യവും 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട 70 പേര്‍ക്ക് പ്രത്യേക അവധിയും നല്‍കിയിരുന്നു.

പരോളിന് അര്‍ഹതയുള്ള 1201 ജീവപര്യന്തക്കാര്‍ക്ക് ഇതിനൊപ്പം സര്‍ക്കാറും അവധി നല്‍കിയിരുന്നു. എന്നാല്‍, ഉന്നതാധികാര സമിതി പുറത്തുവിട്ടവരെ നിര്‍ബന്ധിച്ച് കയറ്റേണ്ടെന്നു കോടതി നിര്‍ദേശിച്ചെങ്കിലും ജീവപര്യന്തക്കാരോട് തിരികെ കയറാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം, ടി.പി. വധക്കേസിലെ ജിയിലിന് പുറത്തുകഴിയുന്ന പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പ്രതി മുഹമ്മദ് ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നു.

കിര്‍മാണി മനോജും കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സി.പി.ഐ.എമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടാണെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞിരുന്നു.

ടി.പി. വധക്കേസില്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതില്‍ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും രമ പറഞ്ഞു.

കൊലയാളികള്‍ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണെന്നും കൊവിഡിന്റെ പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ടി.പി. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ ജയിലിന് പുറത്താണെന്നും രമ പറഞ്ഞു.

വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ മനോജ് കിര്‍മാണി ഉള്‍പ്പെടെ 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ നിന്ന് കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയതായാണ് വിവരം. റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് ഷാഡോ പൊലീസിനെ വിന്യസിക്കുകയും പരിശോധനയ്ക്ക് ശേഷം മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights:  Eight accused in TP murder case released from jail; 250 days after parole