ഓണ്‍ലൈന്‍ ലൈംഗിക, വംശീയ അതിക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Kerala News
ഓണ്‍ലൈന്‍ ലൈംഗിക, വംശീയ അതിക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 9:43 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സമൂഹ്യപ്രവര്‍ത്തകരായ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പരാതി നല്‍കി.

തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘപരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളില്‍
ആവശ്യമായ സമ്മര്‍ദം നല്‍കാന്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഐഷ റെന്ന, വിദ്യാര്‍ത്ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി നേരില്‍ കൈമാറി.

നേരത്തെ വിഷയത്തിലെ പരാതി നേരില്‍ ബോധിപ്പിച്ചു കൊണ്ട് സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്വേതസിങ്, മയങ്ക് റാവത്ത് എന്നിവരെ ബാന്ദ്ര കോടതി ജനുവരി 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരെ ഉത്തരാഖണ്ഡില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

മുസ്‌ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുന്ന ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതുവരെ നാല് അറസ്റ്റുകളാണ് ഈ കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബുള്ളി ബായ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്ന് കരുതുന്ന നീരജ് ബിഷ്ണോയും പോലീസ് കസ്റ്റഡിയിലാണ്. ഭോപാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി. ടെക് വിദ്യാര്‍ഥിയാണ് നീരജ്.

CONTENT HIGHLIGHTS: The students visited the CM demanding immediate action against online sexual and racial violence