ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. ആലപ്പുഴ തീരത്തു നിന്നുമാണ് മൃതദേഹം കിട്ടിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതോടെ മരിച്ച ആളുകളുടെ എണ്ണം 31 ആയി.
നേരത്തെ, കാണാതായ മത്സ്യത്തൊഴിലാളികള്‍ അടങ്ങുന്ന ഒരു ബോട്ട് ഗോവന്‍ തീരത്തെത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുമുള്ള ബോട്ടാണ് ഗോവന്‍ തീരത്തെത്തിയത്. ഏഴ് മലയാളികളും, രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളതെന്നാണ് വിവരം. മലയാളികളെല്ലാം വിഴിഞ്ഞം സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നതിനിടെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 40 മത്സ്യബന്ധനബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തിരുന്നു. ഗുജറാത്തിലെ വെരാവല്‍ തീരത്താണ് ബോട്ടുകള്‍ അടുത്തത്.
ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്നാട്ടിലെ 2 ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഇവയില്‍ 952 മത്സ്യത്തൊഴിലാളികളാണുള്ളത്.
