മിന്നല്‍ സ്റ്റാര്‍ ഹാഷിറും സൂര്യോദയം സ്റ്റാര്‍ അലനും, പുതിയ ടൈറ്റിലിന്റെ ആവശ്യമില്ല, വൈറലായി ഹാഷിര്‍ ആന്‍ഡ് ഗ്യാങ്ങിന്റെ പഴയ റീല്‍
Malayalam Cinema
മിന്നല്‍ സ്റ്റാര്‍ ഹാഷിറും സൂര്യോദയം സ്റ്റാര്‍ അലനും, പുതിയ ടൈറ്റിലിന്റെ ആവശ്യമില്ല, വൈറലായി ഹാഷിര്‍ ആന്‍ഡ് ഗ്യാങ്ങിന്റെ പഴയ റീല്‍
അമര്‍നാഥ് എം.
Sunday, 5th April 2026, 3:40 pm

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്തുനടന്ന പിള്ളേര്‍ ബോക്‌സ് ഓഫീസിന് റീത്ത് വെക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കണ്ടന്റുകള്‍ ചെയ്തുനടന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി പുതുമുഖ സംവിധായകന്‍ സവിന്‍ സ സംവിധാനം ചെയ്ത വാഴ 2 റെക്കോഡ് കളക്ഷനാണ് ആദ്യ നാല് ദിനം കൊണ്ട് നേടിയത്.

വാഴയുടെ ആദ്യ ഭാഗത്തില്‍ കുറച്ച് സീനില്‍ മാത്രം വന്നുപോയ ഹാഷിറിനും ഗ്യാങ്ങിനുമൊപ്പം വലിയ താരനിര അണിനിരന്ന ചിത്രം ഇതിനോടകം 30 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഹാഷിറിന്റെ ഇന്‍ട്രോ സീനിനടക്കം ഗംഭീര പ്രതികരണമായിരുന്നു തിയേറ്ററില്‍ ലഭിച്ചത്. കോമഡി രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും തങ്ങളില്‍ ഭദ്രമാണെന്ന് ഈയൊരൊറ്റ സിനിമ കൊണ്ട് ഇവര്‍ തെളിയിച്ചിരിക്കുകയാണ്.

ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ മലയാളസിനിമയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കുമെന്ന് തെളിയിച്ച ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പഴയ റീലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാഴയുടെ ആദ്യഭാഗം റിലീസാകുന്നതിന് മുമ്പുള്ള പ്രൊമോഷന്‍ റീലില്‍ ഹാഷിറും ഗ്യാങ്ങും തമ്മില്‍ നടത്തിയ സംഭാഷണമാണ് റീലിന്റെ പശ്ചാത്തലം. ഓരോരുത്തരും അവരവരുടെ ടൈറ്റിലിനെക്കുറിച്ച് പറയുന്ന ഭാഗമാണ് വൈറലായത്.

മിന്നല്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ ഹാഷിര്‍ സ്വന്തമാക്കിയപ്പോള്‍ തീപ്പൊരി സ്റ്റാര്‍ എന്നറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്ന് വിനായക് പറയുന്നുണ്ട്. ഇടിവെട്ട് സ്റ്റാര്‍ എന്നാണ് തന്റെ ടൈറ്റിലെന്ന് അജിന്‍ പറയുമ്പോള്‍ ആ പേര് മാറ്റാന്‍ ഹാഷിര്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഇടിവെട്ടും മിന്നലും ഒരുമിച്ച് വേണ്ട, നീ വേറെ വല്ല പേരും പറ’ എന്ന് ഹാഷിര്‍ പറയുമ്പോള്‍ ‘വെട്ട് മാറ്റാം, ഇടി സ്റ്റാര്‍’ എന്നാണ് അജിന്റെ മറുപടി.

ഇടി, മിന്നല്‍ എന്നീ പേരുകള്‍ക്ക് ഗുമ്മില്ലാത്തതുകൊണ്ട് സൂര്യോദയം സ്റ്റാര്‍ എന്നാണ് അലന്‍ സ്വയം തെരഞ്ഞെടുത്ത ടൈറ്റില്‍. ‘രാവിലെ ഉദിച്ചിട്ട് വൈകിട്ട് അസ്തമിക്കാതിരുന്നാല്‍ മതി’ എന്നാണ് ഹാഷിര്‍ ഈ പേരിന് നല്‍കിയ മറുപടി. രണ്ട് വര്‍ഷം മുമ്പ് പങ്കുവെച്ച റീല്‍ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഇതിനൊപ്പം അടുത്തിടെ ഇവര്‍ പങ്കുവെച്ച മറ്റൊരു റീലും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ റീലിന്റെ വിഷയം. ഇപ്പോള്‍ വരുന്ന സിനിമകള്‍ക്കൊന്നും പഴയ നിലവാരമില്ലെന്നാണ് റീലിലെ വിമര്‍ശനം. രാജമൗലിക്ക് അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ച് വലിയ പ്ലാനിങ്ങില്ലെന്നെല്ലാം റീലില്‍ പറയുന്നുണ്ട്. ‘മോളിവുഡൊക്കെ എന്റെ കൈയില്‍ കിട്ടണമായിരുന്നു. അടിച്ച് ടോപ്പില്‍ കൊണ്ടുവെച്ചേനെ’ എന്ന ഹാഷിറിന്റെ ഡയലോഗ് ഇപ്പോള്‍ അച്ചട്ടായി എന്നാണ് പലരുടെയും കമന്റ്.

മോഹന്‍ലാലിന് ശേഷം ഒരു ദിവസം ഏഴ് കോടിക്ക് മുകളില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടുക എന്ന റെക്കോഡ് ഹാഷിറും പിള്ളേരും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നത്തെ അഡ്വാന്‍സ് സെയില്‍ ഇതിനോടകം അഞ്ച് കോടിക്ക് മുകളിലാണ്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 40 കോടിയോളം ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Old reel of Haashir and viral after the success of Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം