ഇവരേക്കാള്‍ ഭയം ബാധിച്ചവര്‍ ലോകത്തുണ്ടാവില്ല; കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കേന്ദ്രത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്
Kerala
ഇവരേക്കാള്‍ ഭയം ബാധിച്ചവര്‍ ലോകത്തുണ്ടാവില്ല; കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കേന്ദ്രത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2026, 9:53 am

 

ന്യൂദല്‍ഹി: ‘കോക്രോച്ച് ജനത പാര്‍ട്ടി’ യുടെ സാമൂഹിക മാധ്യമ പേജുകള്‍ പൂട്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പരിഹാസവുമായി സി.പി.ഐ.എം രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസ്.

56 ഇഞ്ച് നെഞ്ചളവിന്റെ വായ്ത്താരികള്‍ എപ്പോഴും ചൊല്ലുന്നവരാണ് രാജ്യം ഭരിക്കുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ അവരെക്കാള്‍ ഭയം ബാധിച്ചവര്‍ ഈ ലോകത്ത് ഉണ്ടാവില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. കോക്രോച്ച് ജനത പാര്‍ട്ടിയെ എന്തിനാണ് സര്‍ക്കാര്‍ ഇത്രയധികം ഭയക്കുന്നത് എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

നിരോധനം കൊണ്ടും നിയമങ്ങള്‍ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകള്‍ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയുമെന്നാണോ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ചിന്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുണ്ടാകാം. മാധ്യമങ്ങളെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിച്ച് എല്ലാം ഭദ്രം എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ രാഷ്ട്രത്തലവന്മാര്‍ക്ക് മിട്ടായി കൊടുക്കുന്ന പോലത്തെ ഗിമ്മിക്കുകളല്ല ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത് എന്ന് കോക്രോച്ച് ജനത പാര്‍ട്ടി പറയാതെ പറഞ്ഞെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ എഴുതി.

‘ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഭിഷേക് ഡിപ്കേ എന്ന യുവാവ് ആരംഭിച്ചതാണ് കോക്രോച്ച് ജനത പാര്‍ട്ടി. യോഗ്യതയില്ലാത്ത ചില പ്രൊഫഷണലുകളെയും തൊഴിലില്ലാത്ത യുവാക്കളെയും ‘പാറ്റകളോട്’ ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു തമാശരൂപേണയുള്ള പ്രതിഷേധമായാണ് ഇത് ആരംഭിച്ചത്.

എന്നാല്‍, ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ യുവാക്കളുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, മതേതരത്വം, ഭരണവിരുദ്ധ വികാരങ്ങള്‍ എന്നിവ വ്യക്തമായി ചൂണ്ടിക്കാട്ടി, യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് Gen-Zകള്‍ക്കിടയില്‍ ഇത് ഒരു സംവാദമായി അതിവേഗം വളര്‍ന്നു.

സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുണ്ടാകാം. മാധ്യമങ്ങളെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിച്ചു എല്ലാം ഭദ്രം എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ രാഷ്ട്രത്തലവന്മാര്‍ക്ക് മിട്ടായി കൊടുക്കുന്ന പോലത്തെ ഗിമ്മിക്കുകളല്ല ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത് എന്ന് അവര്‍ പറയാതെ പറഞ്ഞു.

പക്ഷെ ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്, സാമൂഹിക മാധ്യമമായ എക്സിലെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് സര്‍ക്കാര്‍ പൂട്ടിച്ചു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പഴും അവരുണ്ട്. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുമ്പോഴേക്കും അത് ഉണ്ടാകുമോ എന്ന് അറിയില്ല.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അഭിഷേക് തന്നെ വെളിപ്പെടുകയും ചെയ്തിട്ടുണ്ട്. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് കീഴില്‍ നമ്മുടെ രാജ്യം വന്നു പെട്ടിരിക്കുന്ന ദുരവസ്ഥയുടെ നേര്‍ പ്രതിഫലനമാണ് നമ്മള്‍ കാണുന്നത്.

കോക്രോച്ച് ജനത പാര്‍ട്ടിയെ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നത്, നിരോധനം കൊണ്ടും , നിയമങ്ങള്‍ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകള്‍ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയുമെന്നാണോ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ചിന്തിക്കുന്നത് ?

ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാജ്യം ഇന്ത്യയാണ്, പക്ഷെ യുവാക്കള്‍ നിലവിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ എത്ര മാത്രം നിരാശരാണ്, ഒരു മാറ്റം അവര്‍ ആഗ്രഹിക്കുന്നു എന്നല്ലേ പാറ്റ വ്യാപനത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്,’ ജോണ്‍ ബ്രിട്ടാസ് പറയുന്നു.

Content Highlight:  None in the world could be more terrified than them” John Brittas hits out at Central Govt for shutting down ‘Cockroach Janata Party’ account