തിരുവനന്തപുരം: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഉണ്ടാവില്ല. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ഒന്‍പത് ത്രീസ്റ്റാര്‍ ബാറിനും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി കിട്ടും.

2011 ഡിസംബര്‍ 9ലെ നിയമ ഭേദഗതിക്ക് മുന്‍പ് ലൈസന്‍സ് ഉണ്ടായിരുന്നെന്ന ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഈ മാസം പതിനേഴിനുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി കോടതി നേരിട്ട് ഹാജരാകണമെന്ന് സിംഗില്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇടപെടില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്.